തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ ഇനി കാണാൻ തനിക്ക് ആഗ്രഹമില്ലെന്നു പിതാവ് റഹീം. ‘‘അഫാൻ കാരണമുണ്ടായ നഷ്ടം വലുതാണ്. ആശുപത്രിയിലായിരുന്ന ഭാര്യ ഷെമിയുടെ ആരോഗ്യനിലയിൽ ആശ്വാസമുണ്ട്. ഷെമിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. ഇളയമകൻ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങൾ ഐസിയുവിൽ വച്ച് ഭാര്യയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഷെമി പൊട്ടിക്കരഞ്ഞു.
ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാണ് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ബാക്കി മരണങ്ങളെക്കുറിച്ച് ഷെമിയോട് പറഞ്ഞത്. അഫാനാണ് അതൊക്കെ ചെയ്തതെന്നു പറഞ്ഞപ്പോൾ അവൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. ഒരു പാറ്റയെപോലും പേടിയായിരുന്ന അവൻ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ചോദിച്ചത്. പരുക്കു പറ്റിയത് കട്ടിലിൽനിന്നു വീണാണെന്നാണ് ഇപ്പോഴും പറയുന്നത്’’– റഹീം പറഞ്ഞു.
അമ്മയോട് പിണങ്ങി ഇറങ്ങിയ 13 കാരി പോയത് സഹോദരനടുത്തേക്ക്, കുട്ടി സുരക്ഷിത, വീട്ടിലേക്കു വിളിച്ചു
അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണെന്നും റഹീം. സൗദിയിൽ രണ്ടു ദിവസം ജയിലിൽ കഴിഞ്ഞു. കൈയിൽ ഒരു പൈസ പോലുമില്ലാതെ വെറുംകയ്യോടെയാണ് നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞത്. ഇവിടുത്തെ സാമ്പത്തിക ബാധ്യതകളുമുണ്ട്. എന്നാൽ ഗൾഫിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നില്ല. മക്കൾക്കു വേണ്ടിയാണല്ലോ നമ്മൾ ജീവിക്കുന്നത്. ഇപ്പോൾ അവരില്ല. സൗദിയിൽ 10 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. നാട്ടിൽ എന്റെ അറിവിൽ 10 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉള്ളത്. 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നു പറയുന്നതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല.
അഫാൻ കാരണം ഇളയമകൻ, ഉമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ എല്ലാവരെയും എനിക്കു നഷ്ടമായി. അഫാനോട് ഉമ്മയ്ക്കു വലിയ സ്‌നേഹമായിരുന്നു. അവൻ ചെല്ലുമ്പോൾ പണം കൊടുക്കുമായിരുന്നു. എന്റെ രണ്ടു മക്കളെയും വലിയ സ്‌നേഹത്തോടെയാണ് ഉമ്മ വളർത്തിയിരുന്നത്. സംഭവം ഉണ്ടാകുന്നതിനു മുൻപുള്ള ദിവസങ്ങളിലും അഫാനോട് സംസാരിച്ചിരുന്നു. വസ്തു വിറ്റ് ബാധ്യത തീർക്കാമെന്നു പറഞ്ഞിരുന്നു. അതിനു പലരെയും അവൻ കൊണ്ടുവന്നിരുന്നു. ഫർസാനയെക്കുറിച്ച് അറിഞ്ഞപ്പോൾ അവനോടു ചോദിച്ചു. ഒന്നുമില്ലെന്നാണ് ആദ്യം പറഞ്ഞത്. ഇഷ്ടമാണെങ്കിൽ എന്തെങ്കിലും വരുമാനം ആയിക്കഴിയുമ്പോൾ വിവാഹം നടത്താമെന്നു പറഞ്ഞു.
കൂടാതെ ഇളയ മകനാണു ഫർസാനയുടെ ഫോട്ടോ അയച്ചു തന്നതെന്നും റഹീം പറയുന്നു. ഫർസാനയുടെ വീട്ടിൽ പോയി മാതാപിതാക്കളെ കാണണമെന്നുണ്ട്. തെറ്റ് ചെയ്തത് എന്റെ മകനാണ്. പക്ഷേ അവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണു പോകാൻ മടിക്കുന്നത്. അഫാന് അഫ്‌സാനോടു വലിയ സ്‌നേഹമായിരുന്നു. ഞാൻ ആറു വർഷം കഴിഞ്ഞാണ് മടങ്ങിവരുന്നത്. അതിന്റെ കുറവൊന്നും വരുത്താതെയാണ് അഫ്‌സാനെ നോക്കിയിരുന്നത്. എപ്പോഴും ബൈക്കിൽ കൊണ്ടുപോകുകയും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. എന്ത് മനസിൽ തോന്നിയിട്ടാണ് അഫാൻ ഇങ്ങനെയൊക്കെ ചെയ്തതെന്ന് അറിയാൻ കഴിയുന്നില്ല’’– റഹീം പറഞ്ഞു.
അതേസമയം ബാങ്കിൽ ബാധ്യതയുണ്ടായിരുന്നതു കാരണം അവർ നിരന്തരം വിളിച്ചു ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് അഫാന്റെ മൊഴി. കാലാവധി ഉണ്ടായിരുന്നിട്ടും അസി. മാനേജർ വല്ലാതെ ബുദ്ധിമുട്ടിച്ചു. ജപ്തി ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. ചിട്ടി നടത്തിയതുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന് 75,000 രൂപ ഷെമി കൊടുക്കാനുണ്ടായിരുന്നു. ഉമ്മയുമായി സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിരുന്നില്ല. ഭാര്യ ഷെമിയും അഫാനും തട്ടത്തുമലയിലെ ബന്ധുവിൽനിന്ന് പലിശയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് വാങ്ങിയത്. അഞ്ചര ലക്ഷം രൂപ പലിശ മാത്രമായി തിരികെ നൽകി. പലിശ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു. തട്ടത്തുമലയിലെ രണ്ട് ബന്ധുക്കളെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്ന് അഫാൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.