കൊച്ചി: കളമശേരി ഗവ. പോളി ടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് ദേവരാജ്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നത് കെഎസ്‌യുവിന്റെ രണ്ട് നേതാക്കൾ ചേർന്നാണ്. എന്നാൽ അവരുടെ പേരുകൾ പുറത്തുവിടാനോ ഒളിവിൽ പോയവരെ കണ്ടെത്താനോ പോലീസ് ശ്രമിക്കുന്നില്ല. മറിച്ച് നിരപരാധിയായ എസ്‌എഫ്‌ഐ പ്രവർത്തകനെ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ദേവരാജ് ആരോപിച്ചു.
ദേവരാജിന്റെ വാക്കുകൾ ഇങ്ങനെ- ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ ആകാശ്, ആദിൽ എന്നീ വിദ്യാർഥികളുടെ മുറിയിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് ലഭിച്ചത്. റെയ്‌ഡ് നടന്നതറിഞ്ഞ് ആദിൽ ഹോസ്റ്റലിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ആർട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചയാളാണ്. ആകാശ് എന്ന വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ആദിലും മറ്റൊരു വിദ്യാർഥിയായ അനന്ദുവും ചേർന്നാണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ആകാശ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനാണ് ഈ അനന്ദു.
മാത്രമല്ല ഈ ക്യാമ്പസിൽ എസ്എഫ്ഐ യൂണിയന്റെ ഭാഗമായി നിൽക്കുന്ന ഏഴ് വിദ്യാർഥികളോ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളോ ആയ വിദ്യാർഥികൾ ആരുംതന്നെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരല്ല. ഇപ്പോൾ ആരോപണമുന്നയിക്കുന്ന അഭിരാജിന്റെ കയ്യിൽ നിന്നോ വസ്‌ത്രത്തിൽ നിന്നോ കഞ്ചാവ് കണ്ടെത്തിയിട്ടില്ല. ഇന്നലെ അഭിരാജ് ഹോസ്റ്റലിൽ പോലും ഉണ്ടായിരുന്നില്ല. യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാര പണികൾക്കായി ക്യാമ്പസിലായിരുന്നു അവൻ. റെയ്‌ഡ് നടക്കുന്നുണ്ടെന്നറിഞ്ഞ് മറ്റുള്ളവർക്കൊപ്പം ഹോസ്റ്റിലെത്തിയതാണ് അഭിരാജും.
ഇത് തന്റേതല്ലയെന്ന് പറഞ്ഞിട്ടുകൂടി പോലീസ് അഭിരാജിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. ലഹരിക്കെതിരെ നിരന്തരം പോരാടുന്നവരും പ്രവർത്തിക്കുന്നവരുമാണ് കളമശേരിയിലെ എസ്‌എഫ്ഐക്കാർ. എന്നാൽ, കെഎസ്‌യു നേതാക്കളായ ആദിലിന്റെയോ അനന്ദുവിന്റെയോ പേരുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മാദ്ധ്യമങ്ങൾ പോലും അത് പറയുന്നില്ല. അവർ നാടുവിട്ടു. ഇവർ എവിടെയെന്ന് പോലീസ് അന്വേഷിക്കുന്നതുപോലുമില്ലെന്നും ദേവരാജ് പറയുന്നു.
അതേസമയം രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഹോസ്റ്റലിലെത്തിയത്. 2 എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ മറ്റു പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ ആദിത്യനേയും അഭിരാജിനേയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.