മലപ്പുറം: പരീക്ഷക്കാലമായതോടെ കോപ്പി അടിക്കാൻ മാർഗങ്ങൾ പറഞ്ഞുകൊണ്ട് പുറത്തിറക്കിയ യൂട്യൂബ് വീഡിയോ പിൻവലിച്ച് പ്ലസ്ടു വിദ്യാർഥി. താൻ എങ്ങനെയാണ് കോപ്പിയടിച്ചതെന്നും ഏതൊക്കെ രീതിയിൽ കോപ്പി അടിക്കാമെന്നും പഠിപ്പിക്കുന്ന വീഡിയോ ആണ് പിൻവലിച്ചത്. അതേസമയം വിവാദ വീഡിയോയെ ന്യായീകരിച്ചുകൊണ്ട് വിദ്യാർഥി ഇറക്കിയ വീഡിയോയും നീക്കം ചെയ്തിട്ടുണ്ട്. അക്ബർ മൈൻഡ് സെറ്റ് എന്ന പേജിലെ വീഡിയോ ആണ് നീക്കിയത്. വീഡിയോ വിവാദമായോടെയാണ് നീക്കിയത്. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.
പരീക്ഷയിൽ കോപ്പി അടിക്കാൻ മാർഗ നിർദ്ദേശം നൽകുന്ന യൂട്യൂബ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് ഏറെ വൈറലായത്. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർഥി യൂട്യൂബിലെ തൻ്റെ അക്കൗണ്ട് വഴി പങ്കുവച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം, ൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം എന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഏഴ് ദിവസം മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ ആണിത്.
കൂടാതെ ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ചെന്നും വീഡിയോയിൽ വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു. സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർഥി വീഡിയോയിൽ പറയുന്നു. പിന്നാലെ ഇന്നലെ വീണ്ടും വീഡിയോ ലൈവിൽ യൂട്യൂബിൽ വന്ന വിദ്യാർഥി വീഡിയോ ചെയ്തതിൽ ഖേദം ഇല്ലെന്നാണ് വ്യക്തമാക്കിയത്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് ഇങ്ങിനെ വീഡിയോ ചെയ്തതെന്നും വിദ്യാർഥി അവകാശപ്പെട്ടത്. പിന്നാലെ ഇതും പിൻവലിക്കുകയായിരുന്നു.