മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. എപ്പോഴും ഈ 25–30 റൺസൊക്കെ അടിച്ചുകൊണ്ടിരുന്നാൽ മതിയോ? അതുകൊണ്ട് രോഹിത് ശർമയ്ക്കു സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നുണ്ടോയെന്നും ഗാവസ്കർ ചോദിച്ചു.
‘‘ഓപ്പണറായി ഇറങ്ങുന്ന രോഹിത് ശർമ 25 ഓവർ വരെയെങ്കിലും ക്രീസിൽ തുടരാൻ ശ്രമിക്കണം. രോഹിത് പെട്ടെന്നു പുറത്താകുന്നത് ടീമിന്റെ പ്രകടനത്തെ വല്ലാതെ ബാധിക്കുന്നു. ടീം ഇന്ത്യയ്ക്ക് എതിരാളിയിൽനിന്നു മത്സരം തട്ടിയെടുക്കാൻ രോഹിത് ദൈർഘ്യമുള്ള ഇന്നിങ്സുകൾ കളിച്ചാൽ മാത്രം മതിയാകും.’’– സുനിൽ ഗാവസ്കർ പറഞ്ഞു.
ഗവാസ്കറിന്റെ വാക്കുകൾ ഇങ്ങനെ-‘‘ഒരു ബാറ്ററെന്ന നിലയിൽ 25–30 റൺസുകൊണ്ടൊക്കെ നിങ്ങൾക്കു സന്തോഷമായി നിൽക്കാൻ സാധിക്കുന്നുണ്ടോ? അതു പറ്റില്ലെന്നാണ് എനിക്കു പറയാനുള്ളത്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് ഇതു പറയാൻ ആഗ്രഹിക്കുന്നത്– 25 ഓവർ രോഹിത് ശർമ ബാറ്റു ചെയ്താൽ അതു ടീമിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും. 25 ഓവറിൽ രോഹിത് ബാറ്റു ചെയ്യുമ്പോൾ സ്കോർ 180–200 റൺസിൽ എത്തിയിട്ടുണ്ടാകും. കുറച്ചു വിക്കറ്റുകൾ മാത്രമാണ് അപ്പോൾ നഷ്ടമായതെന്നു കരുതുക. എന്താണു പിന്നീടു സംഭവിക്കുക. 350 ഉം അതിനു മുകളിലുമൊക്കെ സ്കോർ ചെയ്യാൻ ഇന്ത്യയ്ക്കു സാധിക്കും.’’