നിലമ്പൂർ: മുൻ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ സിപിഎമ്മിനെയും സർക്കാരിനെയും പരോക്ഷമായി പരിഹസിച്ച് മുൻ എംഎൽഎ പിവി അൻവറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്പി സുജിത് ദാസ് വിശുദ്ധൻ, എംആർ അജിത് കുമാർ പരിശുദ്ധൻ, തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ല, കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല. പിവി അൻവർ സ്വർണക്കടത്തുകാരനാണ്, എന്നാൽ പിടിക്കാനും കിട്ടുന്നില്ല എന്നാണ് അൻവർ പരിഹസിക്കുന്നത്.
എസ്പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു, നടപടി അന്വേഷണങ്ങൾക്ക് തടസമാവില്ല?
അതോടൊപ്പം അൻവറിനെതിരേ സിപിഎം ഉയർത്തുന്ന വിമർശനങ്ങളെയും അദ്ദേഹം കളിയാക്കുന്നു. എന്ത് പറഞ്ഞാലും സിപിഎമ്മിനുള്ള മറുപടി പിവി അൻവർ സ്വർണ്ണ കടത്തുകാരനാണ്, എന്നാൽ, എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല. സഖാക്കളെ മുന്നോട്ട്, ഇത് കേരളമാണ്, ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ടെന്നും അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പിവി അൻവറിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെയാണ് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി പിൻവലിച്ചത്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല. അതേസമയം സസ്പെൻഷൻ പിൻവലിച്ചത് നിലവിൽ നടക്കുന്ന അന്വേഷണത്തെ തടസപ്പെടുത്തില്ലെന്നാണ് വിവരം.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
എസ് പി സുജിത്ത് ദാസ് വിശുദ്ധൻ!
എം ആർ അജിത് കുമാർ പരിശുദ്ധൻ!
തൃശ്ശൂർ പൂരം കലക്കിയിട്ടില്ല!
തൃശ്ശൂരിൽ ബിജെപി വിജയിച്ചിട്ടും ഇല്ല!
കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല!
കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല….
………..
എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്!!
“പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്.”
“എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല!!!!!”
സഖാക്കളെ മുന്നോട്ട്…….
ഇത് കേരളമാണ്.
ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ട്.