കോഴിക്കോട്: താനൂരിൽനിന്നു കാണാതായ പ്ലസ് ടു വിദ്യാർഥിനികൾ എടവണ്ണ സ്വദേശിക്കൊപ്പം മുംബൈ പനവേലില്‍ എത്തിയതായി പോലീസ് കണ്ടെത്തി. മുംബൈ പനവേലിലെ ബ്യൂട്ടിപാര്‍ലറില്‍ പെണ്‍കുട്ടികള്‍ എത്തിയതിന്റെയും ഇവിടെനിന്ന് മുടി ട്രിം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. നിലവില്‍ ഇവര്‍ മുംബൈ സിഎസ് ടി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി മുംബൈ പോലീസുമായി ചേർന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽനിന്നു ട്രെയിൻ മാർഗമാണ് പോയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പോലീസിനു വിവരം ലഭിച്ചു. അതേസമയം യുവാവ് മുംബൈയിലേക്കു പോയെന്നു ഇയാളുടെ വീട്ടുകാരും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതോടെ പോലീസ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചു.
താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവർ ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടിൽനിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്ക്കു ഹാജരാകാതിരുന്ന വിവരം അധ്യാപകർ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് സ്കൂളിൽ നിന്ന് താനൂർ പോലീസിൽ പരാതി നൽകിയത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് പെൺകുട്ടികളുടെ മൊബൈൽഫോൺ അവസാനമായി ഓൺ ആയത്.
അവസാന ടവർ ലൊക്കേഷൻ കോഴിക്കോടായിരുന്നു കാണിച്ചത്. ഇരുവരുടേയും ഫോണിലേക്കും തിരിച്ചും എടവണ്ണ സ്വദേശിയുടെ ഫോണിൽ നിന്നു കോൾ പോയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാൻ പോലീസ് ആദ്യം തീരുമാനിച്ചത്.
ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥിനികളെ മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. ഇരുവരും തിരൂരിൽനിന്നു ട്രെയിനിൽ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.