മലപ്പുറം: മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ ഫോൺ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ നമ്പറിൻറെ ടവർ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.
ഇന്നലെ കുട്ടികളുടെ മൊബൈൽ ടവർ ലോക്കേഷൻ താനൂർ റെയിൽവെ സ്റ്റേഷനിലും കോഴിക്കോട് റെയിൽവെ സ്റ്റേഷനിലുമടക്കം കാണിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. ഒരേ നമ്പറിൽ നിന്ന് കുട്ടികൾക്ക് വന്ന നമ്പറിൻറെ ടവർ ലോക്കേഷൻ മഹാരാഷ്ട്രയിലാണെങ്കിലും കുട്ടികളെ കാണാതായതും ഇതുമായും ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ വ്യക്തമല്ല. കുട്ടികളുടെ ഫോണിലേക്ക് വന്ന നമ്പറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അതേസമയം കുട്ടികളുടെ ഫോൺ കോഴിക്കോട് വച്ചാണ് സ്വിച്ച് ഓഫ് ആയത്. കോഴിക്കോട് തന്നെയുണ്ടാകുമെന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.
ദേവദാർ ഹയർസെക്കൻഡറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാർഥിനികളെ ബുധനാഴ്ച മുതലാണ് കാണാതായത്. ഇന്നലെ പരീക്ഷയുണ്ടെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് അശ്വതി കൂട്ടുകാരിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. ഇരുവരേയും സ്കൂളിലേക്കുള്ള ബസിൽ കയറ്റിവിട്ടത് അശ്വതിയുടെ പിതാവായിരുന്നു. തുടർന്ന് സ്കൂളിന്റെ ക്യാന്റീനിൽ ഭക്ഷണം കഴിക്കാനും ഏൽപിച്ചിരുന്നു. തങ്ങൾ കഴിച്ചിട്ട് സ്കൂളിലേക്ക് പോയിക്കോളാമെന്ന് പറഞ്ഞു പിതാവിനെ തിരിച്ചയക്കുകയായിരുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടാമത്തെ മകന്‍ അഫ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു, സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരും മരണവാര്‍ത്ത അറിയിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു, മറ്റു വിവരങ്ങള്‍ അറിയിക്കാനാകുന്ന മാനസികാവസ്ഥയില്‍ അല്ല ഷെമിയെന്നു ഡോക്ടര്‍മാര്‍
പിന്നീട് ഇവരെ വിളിച്ചപ്പോൾ ക്യാന്റീൻ തുറന്നിട്ടില്ലെന്നും തങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചോളാമെന്നും പറഞ്ഞ് ഫോൺ വയ്ക്കുകയായിരുന്നു. പിന്നീട് ഇവരെ വിളിച്ചിട്ട് കിട്ടിയില്ലെന്നു അശ്വതിയുടെ സഹോദരി പറഞ്ഞു. പരീക്ഷയ്ക്ക് കുട്ടികൾ എത്താത്തതിനെ തുടർന്ന് അധ്യാപിക വീട്ടിൽവിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മാതാപിതാക്കൾ ഇരുവരും സ്കൂളിലെത്തിയില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ടീച്ചർ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിദ്യാർഥിനികളെ കാണാതായ വിവരം അറിയിച്ചു. സംഭവത്തിൽ താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.