ഹൈദരാബാദ്: അമിതമായി ഉറക്കഗുളികകൾ കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കല്പന രാഘവേന്ദ്രയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി റിപ്പോർട്ട്. അതേസമയം കല്പന പോലീസിനോട് പറഞ്ഞ മൊഴി പുറത്തുവന്നു. താൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന പ്രചാരണങ്ങൾ അവർ നിഷേധിച്ചു.
ആദ്യം എട്ട് ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ലെന്ന് കല്പന രാഘവേന്ദർ വാർത്താ ഏജൻസിയായ IANS-നോട് പ്രതികരിച്ചു. ഒട്ടും ഉറങ്ങാൻപറ്റാതെയായപ്പോൾ വീണ്ടും പത്ത് ഗുളികകൾകൂടി കഴിച്ചു. അതോടെ ബോധരഹിതയായി വീണു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
ഓക്സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയും ഈ നിര്‍ണായകമായ പ്രോട്ടീന്‍
അതേസമയം ഉറക്കഗുളികകൾ കഴിക്കുന്നതിനുമുൻപ് മകൾ ദയാ പ്രസാദുമായി കല്പന വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നെന്ന് കെ.പി.എച്ച്.ബി പോലീസ് പറഞ്ഞു. നിസാംപേട്ടിലാണ് കല്പനയും ഭർത്താവും താമസിക്കുന്നത്. കൂടുതൽ പഠിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് താമസംമാറാൻ കല്പന മകൾ ദയാപ്രസാദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നും പോലീസ് പറഞ്ഞു.
ഇതിനിടെ കല്പനയെ ഫോൺവിളിച്ചിട്ടും കിട്ടുന്നില്ലെന്ന് അവരുടെ ഭർത്താവ് പ്രസാദ് തന്നെയാണ് താമസസ്ഥലത്തെ അയൽക്കാരെ വിവരമറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടർന്നാണ് അയൽവാസികൾ പോലീസിനെ ബന്ധപ്പെടുന്നത്. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് അബോധാവസ്ഥയിൽക്കിടക്കുന്ന കല്പനയെ കണ്ടതും പിന്നീട് ആശുപത്രിയിലെത്തിക്കുന്നതും.
അതേസമയം കല്പനയുടേത് ആത്മഹത്യാ ശ്രമമല്ലെന്ന് മകൾ ദയാപ്രസാദ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗായികകൂടിയായ അമ്മ പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നുണ്ട്. ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമായി. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദ്ദേശിച്ച ഗുളികകൾ അവർ കഴിച്ചു. സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് അല്പം കൂടിപ്പോയി. വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ദയ ആവശ്യപ്പെട്ടിരുന്നു.