കൊച്ചി: ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണെന്ന മന്ത്രി വീണാ ജോർജിന്റെ ആവർത്തിച്ചുള്ള അവകാശവാദം തെറ്റാണെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. കേരളം 7,000 രൂപ ഓണറേറിയമായി നൽകുമ്പോൾ രണ്ടര വർഷം മുൻപു തന്നെ സിക്കിം സർക്കാർ ഓണറേറിയം 6,000 രൂപയിൽ നിന്നു 10,000 ആക്കി വർധിപ്പിച്ചിരുന്നു. 2022 ഒക്ടോബർ 1 മുതൽ വർധന പ്രാബല്യത്തിലാക്കി സിക്കിം ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനം ഓൾ സിക്കിം ആശാ വെൽഫെയർ അസോസിയേഷൻ അവരുടെ ഫെയ്സ്ബുക് പേജിൽ തന്നെ പങ്കുവച്ചിട്ടുണ്ട്.
2022 മുതൽ സംസ്ഥാനത്തെ 676 ആശാവർക്കർമാർക്കും 10,000 രൂപ ഓണറേറിയം ലഭിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഓംകുമാരി പ്രധാൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണെന്നു നിയമസഭയിൽ പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ ഇതിന്റെ കണക്കുകളിലേക്ക് കടന്നിരുന്നില്ല. പിറ്റേന്ന് അടിയന്തര പ്രമേയത്തിലും സിക്കിം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ കണക്കാണു മന്ത്രി പറഞ്ഞത്.
സിക്കിം ഇന്ത്യയിലല്ലേയെന്നും അവിടത്തെ കണക്ക് പറയാത്തതെന്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചപ്പോഴാണ് മന്ത്രി കണക്ക് വെളിപ്പെടുത്തിയത്. അവിടെ 6,000 രൂപ മാത്രമാണ് ഓണറേറിയമെന്നും ഉദ്യോഗസ്ഥരെ നേരിട്ടു ബന്ധപ്പെട്ടാണ് കണക്കു ശേഖരിച്ചതെന്നുമാണു മന്ത്രി പറഞ്ഞത്.
ഇൻസെന്റീവുകളും ഓണറേറിയവും ലഭിച്ചശേഷം 10,000 രൂപ തികയാൻ എത്ര തുകയാണോ ആവശ്യമായി വരുന്നത് ആ തുക കൂടി നൽകുന്ന രീതിയാണ് ആന്ധ്രയിലുള്ളത്. ഒന്നര ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും ആന്ധ്രയാണ്.
Sikkim Pays Asha Workers ₹10,000: Minister Veena George’s claim debunked
Kerala News Malayalam News Veena George ASHA Workers Sikkim