തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ക്രൂരമായ കൊലപാതകമൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അമ്മയെ ആക്രമിച്ചതും ബന്ധുക്കളെ കൊലപ്പെടുത്തിയതും എണ്ണിയെണ്ണി കുഞ്ഞനിയനെ അറിയിച്ച ശേഷമാണ്അ ഫ്‌സാനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്നാണ് അഫാൻ പോലീസിന് മൊഴി നൽകിയത്.
അന്നേദിവസം സ്‌കൂൾ വിട്ട് അഫ്‌സാനെത്തിയപ്പോൾ വെഞ്ഞാറമൂട്ടിൽ പോയി കുഴിമന്തി വാങ്ങിവരാൻ ആവശ്യപ്പെട്ടു. ഇതിനായി ഓട്ടോറിക്ഷ ഏർപ്പാടാക്കി നൽകുകയും ചെയ്തു. അനിയൻ മടങ്ങിയെത്തുമ്പോഴേക്കും എല്ലാം തയാറായിരുന്നു. തുടർന്ന് അഫ്‌സാനോട് കൊലപാതകങ്ങൾ നടത്തിയ കാര്യം വീടിന്റെ മുൻവശത്തെ വാതിൽപ്പടിയിൽ വച്ചുതന്നെ പറഞ്ഞു. വിവരം കേട്ട് പേടിച്ചു നിലവിളിച്ച അനുജനെ അവിടെവച്ചുതന്നെ ആക്രമിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയതിനുശേഷം കൈവശമുണ്ടായിരുന്ന നോട്ടുകൾ അഫ്‌സാന്റെ ശരീരത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് കുളിച്ച് വസ്ത്രം മാറി പുറത്തിറങ്ങി ബൈക്കിൽ കയറാൻ ശ്രമിച്ചെങ്കിലും മദ്യപിച്ചിരുന്നതിനാൽ സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഓട്ടോയിൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് അഫാന്റെ മൊഴി.
ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചതിനുശേഷമാണ് പെൺസുഹൃത്തായ ഫർസാനയേയും കൊലപ്പെടുത്തിയതെന്ന് അഫാൻ നേരത്തെ മൊഴി നൽകിയിരുന്നു. ‘അമ്മയെയും അമ്മൂമ്മയെയുമടക്കം കൊന്നു. ഇതുകേട്ട് ഫർസാന ഞെട്ടി. ഇനി നമ്മളെങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചു. ഉടൻ ചുറ്റിക കൊണ്ട് ഫർസാനയെ തലയ്ക്കടിച്ചുകൊന്നു’. കൊലപാതക വിവരം കേട്ട് കസേരയിൽ തലയിൽ കൈവച്ചിരുന്ന ഫർസാനയെ പ്രതി ചുറ്റികകൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയ വിവരം അഫാൻ പോലീസിനോട് കൂസലില്ലാതെ വിവരിച്ചതിങ്ങനെ എന്നാണ് വിവരം. പക്ഷേ, പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം അഫാനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ അറസ്റ്റും ഇന്നുതന്നെയുണ്ടാവും.