തന്റെ സ്വത്തിന് വേണ്ടി ചില ആളുകൾ കൂട്ടം ചേർന്ന് തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. നാലഞ്ച് പേർ ചേർന്ന് തന്നെ പ്ലാൻ ചെയ്ത് ആക്രമിക്കുവാൻ ശ്രമിക്കുകയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ബാല ആരോപിച്ചു. മുൻപങ്കാളി എലിസബത്ത് ഉദയൻ യൂട്യൂബർ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പങ്കുവച്ചാണ് ബാല ആരോപണമുന്നയിക്കുന്നത്. ഒരു അഭിമുഖത്തിൽ സ്വന്തം സ്വത്തിനെ കുറിച്ച് പറയുന്നൊരു വീഡിയോയും ബാല ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
ബാലയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും തല ഉയർത്തി തന്നെ നിൽക്കും. കാരണം സത്യം ഞങ്ങളുടെ ഒപ്പമുണ്ട്. നവംബർ മാസം മുതൽ പറയുന്ന കാര്യങ്ങൾ ഒന്നും കൂടി പറയാം. ഇന്നലെ പറഞ്ഞ കാര്യങ്ങൾകൂടി ഓർക്കണം. അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. പ്ലാൻ ചെയ്ത് എന്നെ അറ്റാക്ക് ചെയ്യുകയാണെന്ന് പറയാൻ കാരണം ഇത് ഒരാൾ അല്ല ചെയ്യുന്നത്. ഒരു നാലഞ്ച് പേർ ചേർന്നാണ്. അതിന്റെ തലവി, ഗ്രീപ്പ് ഹെഡ് ആരാണെന്ന് നിങ്ങളെല്ലാവർക്കും അറിയാം. എല്ലാവരേയും ചേർത്താണ് അറ്റാക്ക് ചെയ്യുന്നത്. അത് കൃത്യമായ തയ്യാറെടുപ്പോടെയാണ് കളിക്കുന്നത്. ആദ്യം ചെയ്തത് നിയമപരമായി എന്റെ വായടപ്പിച്ചു. അതോടെ അവർക്ക് എന്തും പറയാമെന്നായി.’
എന്റെ സ്വത്തിന്റെ കണക്ക് വന്നു. എനിക്ക് 250 കോടി സ്വത്തുണ്ടെന്ന് തമിഴ്‌നാട്ടിൽ നേരത്തെ തന്നെ വാർത്ത വന്നിരുന്നു. എന്റെ ചേട്ടൻ സംവിധാനം ചെയ്ത കങ്കുവ എന്ന പടം നവംബറിൽ റിസീല് ചെയ്യുകയാണ്. അവിടെ വാർത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകൻ ശിവയുടെ സ്വത്തിനെക്കാളും അനിയൻ ബാലയ്ക്കാണെന്നാണ്. എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതിൽ പറഞ്ഞത്. ഈ വാർത്ത എന്ന് പുറത്തുവന്നുവോ അന്നു മുതൽ എനിക്ക് മനഃസമാധാനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം”.