കണ്ണൂർ: പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ തലശേരി മണോളിക്കാവിൽ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയുന്ന 55 പേർക്കെതിരെ പോലീസ് കേസെടുത്തു. മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സംഭവം.
ഇവിടെ കഴിഞ്ഞ ദിവസം രാത്രി സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാൻ ശ്രമിച്ച പോലീസുകാർക്കെതിരെയും ആക്രമണമുണ്ടായി.
പ്രയത്നങ്ങള്‍ വിഫലം; അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു
കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പോലീസ് കാവിൽ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിനെതിരെ ആക്രമണം നടന്നതെന്ന് എഫ്ഐആർ കുറ്റപ്പെടുത്തുന്നു. തലശേരി എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സംഘർഷത്തിൽ പരുക്കേറ്റിരുന്നു. ഈ സംഭവത്തിൽ 27 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ പ്രതിയായ ആളെ പിടിക്കാനാണ് ഇന്ന് പോലീസ് മണോളിക്കാവിലെത്തിയത്.
ഇന്ന് ഉത്സവം നടന്നുകൊണ്ടിരിക്കെയാണ് എസ്ഐയുടെ നേതൃത്വത്തിൽ പോലീസുകാർ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാനായി വന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഒന്നാം പ്രതി ബിപിനെ കൊണ്ടുപോകാതിരിക്കാനായി സിപിഎം പ്രവർത്തകർ പോലീസുകാരെ വളഞ്ഞു. തുടർന്ന് പോലീസ് ജീപ്പിൽ നിന്നും ബിപിനെ പ്രവർത്തകർ മോചിപ്പിച്ചു. പിന്നീട് തങ്ങളെ ബന്ദികളാക്കിയെന്നാണ് പോലീസ് പറയുന്നത്. പോലീസിനെ തടഞ്ഞുവെച്ച ഒരാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.