ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ നിർബന്ധിച്ച് ക്രിക്കറ്റ് ബാറ്റിൽ ഒപ്പുവയ്പ്പിച്ച് എംഎസ് ധോണി. ഇരുവരും പങ്കെടുത്ത ഒരു പരിപാടിയുടെ വേദിയിൽവച്ചായിരുന്നു സംഭവം. ധോണിയെപ്പോലെ വളരെ സീനിയറായ ഒരു താരം ഒപ്പിട്ട ബാറ്റിൽ താൻ ഒപ്പുവയ്ക്കുന്നതിലെ അനൗചിത്യമായിരുന്നു സഞ്ജുവിനെ പിന്നോട്ടുവലിച്ചത്. സംഘാടകർ നിർബന്ധിച്ചെങ്കിലും ബാറ്റിൽ ഒപ്പു വയ്ക്കാതെ സഞ്ജു ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ ധോണി ആവശ്യപ്പെട്ടതോടെ സഞ്ജുവും ബാറ്റിൽ ഒപ്പിട്ടു നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അതേ വേദിയിൽ വച്ച് അടുത്ത ഐപിഎല്ലോടെ എംഎസ് ധോണി വിരമിക്കരുതെന്ന ആഗ്രഹവും സഞ്ജു പറഞ്ഞു. ‘‘ധോണി ഭായി കളിക്കാൻ വരുമ്പോൾ എന്നാണ് അദ്ദേഹം വിരമിക്കുക എന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ കുറച്ചു കൂടി കളിച്ചുകൂടെ എന്നാണു ഞാൻ ചോദിക്കുക. കുറച്ചുകൂടി വേണമെന്നാണ് ഇന്ത്യക്കാർ എപ്പോഴും ചിന്തിക്കുക.’’– സഞ്ജു പറഞ്ഞു.
എന്നാൽ സഞ്ജുവിന്റെ വാക്കുകൾ കേട്ട ധോണി ചിരിക്കുക മാത്രമാണു ചെയ്തത്. 2025 ഐപിഎല്ലിനു ശേഷം ധോണി ക്രിക്കറ്റ് കരിയർ പൂർണമായും അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. രാജ്യാന്തര കരിയർ അവസാനിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞതിനാൽ ‘അൺകാപ്ഡ്’ താരമായാണ് ചെന്നൈ സൂപ്പർ കിങ്സ് ധോണിയെ നിലനിർത്തിയിരിക്കുന്നത്.
Dhoni signed a bat, and later, the officials asked Sanju to sign the same bat, but Sanju politely refused. However, Thala made sure that he signed it.
Sanju is a proper fan boy.. my brother Thala nation loves you in abundance @IamSanjuSamson !! pic.twitter.com/Va3xGX7jxX
— 𝑻𝑯𝑨𝑳𝑨 (@Vidyadhar_R) February 19, 2025