കൊൽക്കത്ത: ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സ്വന്തം വീട്ടിൽ നിന്ന്തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതിക്ക് തൂക്കുകയർ വിധിച്ചത്. പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത കാണിച്ച 34 കാരനായ രാജീബ് ഘോഷിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായത്. സ്വന്തം വീട്ടിൽ നിന്നാണ് കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ശുചീകരണ തൊഴിലാളിയായ ഇയാൾ കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായ ഉടൻ തന്നെ മാതാപിതാക്കൾ പോലീസിനെ വിവരം അറിയിച്ചിരുന്നു.
അതേസമയം കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസികൾ പോലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. കുട്ടിയുടെ ദേഹത്തും, സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മുറിവുകളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ രാത്രിയിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. എന്നാൽ ദൃശ്യങ്ങളിൽ നിന്ന് പ്രതിക്ക് മുടന്തുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതാണ് കേസിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് ഏറെ സഹായകരമായത്. തുടർന്ന് ജാർഗാമിലെ ഗോപി ബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്നാണ് രാജീബ് ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.