നിർമാതാവ് ജി സുരേഷ് കുമാറിനെ നിശിതമായി വിമർശിച്ചുകൊണ്ട് ആൻറണി പെരുമ്പാവൂരിട്ട പോസ്റ്റിനു പിന്തുണയുമായി പൃഥ്വിരാജ് സുകുമാരൻ. ഫേസ്ബുക്കിൽ ആൻറണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയിൽ സുരേഷ് കുമാറിൻറെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആൻറണി പെരുമ്പാവൂരിന്റെ പോസ്റ്റ്. ഒപ്പം എമ്പുരാൻറെ ബജറ്റ് 141 കോടിയെന്ന് പൊതുസമക്ഷം സുരേഷ് കുമാർ പറഞ്ഞതിനെയും ആൻറണി പോസ്റ്റിൽ വിമർശിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ആന്റണിയുടെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
ആൻറണി പെരുമ്പാവൂർ കുറിച്ചതിങ്ങനെ:
“ആശിർവാദ് സിനിമാസിന്റെ എംപുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയിൽ പരസ്യചർച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാൻ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല.”
“എംപുരാനെപ്പറ്റി പറയുകയാണെങ്കിൽ, വൻ മുടക്കുമുതലിൽ നിർമിക്കപ്പെട്ട കെജിഎഫ് പോലൊരു സിനിമ ദേശഭാഷാതിരുകൾക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തിൽ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിർവാദിന്റെ പരിശ്രമം എന്നതിൽ അഭിമാനിക്കുന്നയാളാണ് ഞാൻ. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവർഷമായി അത്രമേൽ അർപണബോധത്തോടെ പ്രവർത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവർത്തകർ. ലാൽസാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്. ലൈക പോലൊരു വൻ നിർമാണ സ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്”.