കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളിലൊരാളായ മലപ്പുറം വണ്ടൂർ സ്വദേശി കെപി രാഹുൽ രാജ് കേരള ഗവ. സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറി. നഴ്‌സിങ് വിദ്യാർഥികളുടെ സിപിഎം അനുകൂല സംഘടനയാണ് കെജിഎസ്എൻഎ മുൻപ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുൽരാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച പോസ്റ്റും രാഹുൽ രാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അതേസമയം കെജിഎസ്എൻഎയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അഞ്ച് വിദ്യാർഥികളെയും 11-നുതന്നെ പുറത്താക്കിയിരുന്നു.
പച്ച ശരീരത്തിൽ മുറിവുണ്ടാക്കി പീഡിപ്പിക്കുമ്പോൾ ‘മതി ഏട്ടാ വേദനിക്കുന്നു’ വെന്ന് അലറിക്കരയുന്ന വിദ്യാർഥി…, സെക്സി ബോഡിയെന്ന് അവഹേളനം… ശരീരത്ത് ഡമ്പൽ അടുക്കുന്നതിനിടെ ‘ഇനി ഞാൻ വട്ടംവരയ്ക്കാ’മെന്നു പറഞ്ഞ് പ്രതികളിലൊരാൾ… ജൂനിയർ വിദ്യാർഥികളോടു കാണിച്ച കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്
‘രാഹുൽരാജ് കോമ്രേഡ്’ എന്നതാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര്. സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഇക്കഴിഞ്ഞ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം കിട്ടിയ വിവരവും സമ്മാനം സ്വീകരിക്കുന്ന ചിത്രവും പ്രതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഒന്നാം വർഷ വിദ്യാർഥികളെ അതിക്രൂരമായി റാഗിങ്ങിനിരയാക്കിയ കേസിലെ മുഖ്യപ്രതികളിലൊരാളാണ് രാഹുൽരാജ്. ഇയാൾ ഉൾപ്പെടെയുള്ള പ്രതികൾ ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാഴാഴ്ച പുറത്തുവന്നിരുന്നു. അതേസമയം റാഗിങ്ങിന് വിധേയരായ വിദ്യാർഥികൾക്ക് നിയമപരമായും സംഘടനാപരമായും പൂർണ പിന്തുണ നൽകുമെന്നും കെജിഎസ്എൻഎ സംസ്ഥാന പ്രസിഡന്റ് അശ്വതി അജയൻ അറിയിച്ചു.