തലശേരി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തും യുവതിയുടെ 25 പവൻ സ്വർണാഭരണവുമായി കടന്നുകളഞ്ഞതായി പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹവാഗ്ദാനം നൽകിയ യുവാവ് യുവതിയോട് വീട്ടുകാരോട് പറയാതെ സ്വർണവുമെടുത്ത് വരാൻ പറഞ്ഞു. യുവാവിനെ വിശ്വസിച്ച് യുവതി കുട്ടിയെയുമെടുത്ത് കണ്ണൂരിൽനിന്ന് തലശേരിയിലേക്ക് പുറപ്പെട്ടു.
തലശേരിയിലെത്താറായപ്പോൾ റെയിൽവേ സ്റ്റേഷനിലെത്താൻ പറഞ്ഞു. കൈവശമുള്ള സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ യുവാവ് പറഞ്ഞു. ഇയാളു പറഞ്ഞ പ്രകാരം യുവതി സ്വർണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകി. തുടർന്ന് യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട്ട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി.
എന്നാൽ കോഴിക്കോട്ടെത്തിയ യുവതിക്ക് യുവാവിനെ കാണാനായില്ല. ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെ യുവതി ബന്ധുക്കളെ ബന്ധപ്പെട്ടു. കണ്ണൂരിൽനിന്ന് ബന്ധുക്കൾ കോഴിക്കോട്ട് പോയി യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. വരുമ്പോൾ തലശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവം സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ യുവാവ് യുവതിയുടെയടുത്ത് എത്തിയത് സ്‌കൂട്ടറിലാണെന്ന് കണ്ടെത്തി. പരാതിക്കാരി ഭർത്താവുമായി വിവാഹമോചനം നേടിയിരുന്നു. കോഴിക്കോട് സ്വദേശിയായ ഷാമിനെതിരെയാണ് പരാതി. യഥാർഥ പേരാണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.