പത്തനംതിട്ട: വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകൾ അടക്കമുള്ള 20 അംഗ സംഘത്തെ ആളുമാറി മർദിച്ച സംഭവത്തിൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം. വിഷയത്തിൽ പോലീസുകാർക്കെതിരേ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്തെത്തി. കോൺഗ്രസ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.
ബാറിൽ തല്ലുണ്ടാക്കിയവരെ പിടികൂടാനെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ് ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ത്രീകളടക്കമുള്ളവരെ ആളുമാറി മർദിച്ചത്. ലാത്തി കൊണ്ട് ഓടിച്ചിട്ടടിച്ചെന്നും നിലത്തുവീണിട്ടും മർദിച്ചെന്നുമാണ് പരാതി. ചൊവ്വാഴ്ച രാത്രി 11.30-ഓടെ പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
എന്നാൽ ഇതേ എസ്ഐയ്ക്കു തന്നെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽവെച്ച് പ്ലസ്ടു വിദ്യാർഥിയുടെ മർദനമേറ്റത്. ജനുവരി 28-നായിരുന്നു ഈ സംഭവം. ബസ് സ്റ്റാൻഡിൽ കറങ്ങിനടന്നത് ചോദ്യം ചെയ്തതിനാണ് പ്ലസ്ടു വിദ്യാർഥി എസ്ഐയെ കഴുത്തിന് പിടിച്ച് തറയിലടിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഈ സംഭവത്തിൽ പ്ലസ്ടു വിദ്യാർഥിയായ 18-കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്ന് സ്ത്രീകളെയും വിദ്യാർഥിനികളെയും കമന്റടിക്കുകയും ശല്യംചെയ്യുകയും ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞാണ് എസ്ഐയും സംഘവും അന്ന് ബസ് സ്റ്റാൻഡിലെത്തിയത്. ഇതിനിടെ കറങ്ങിനടക്കുന്ന വിദ്യാർഥിയെ കാണുകയും തുടർന്ന് എസ്ഐ വിദ്യാർഥിയോട് വീട്ടിൽ പോകാൻ പറഞ്ഞു. ഇതുകേട്ടതോടെ പ്ലസ്ടുക്കാരൻ എസ്ഐയോട് തട്ടിക്കയറി, ഇത് പറയാൻ താനാരാണെന്ന് ചോദിക്കുകയുമായിരുന്നു. ഇതോടെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്‌ഐ കുട്ടിയെ കൈയിൽപിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി. ഈ സമയത്താണ് പിന്നിൽനിന്ന് ആക്രമിച്ചത്. താഴെ വീണ എസ്‌ഐയുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്ഐ പിന്നീട് വിദ്യാർഥിയെ കീഴ്‌പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അതേ സമയം സ്ത്രീകളടക്കമുള്ള സംഘത്തെ മർദിച്ച സംഭവത്തിൽ പത്തംനതിട്ട എസ്ഐ ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം. എന്നാൽ, നടപടി കുറഞ്ഞുപോയെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മർദനമേറ്റവർ പറഞ്ഞു. സ്ഥലംമാറ്റം പ്രാരംഭനടപടി മാത്രമാണെന്നാണ് പോലീസ് വിശദീകരണം. വൈകാതെ തന്നെ തുടർ നടപടിയുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
‘ഒരുമനുഷ്യനോടും ചെയ്യാൻ പാടില്ലാത്തതാണ് പോലീസ് ചെയ്തത്. സ്ത്രീകളടക്കമുള്ള സംഘമായിരുന്നു. അകാരണമായാണ് മർദിച്ചത്. ജീപ്പിൽ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ചിട്ട് മറുപടിയുണ്ടായിരുന്നില്ല. ഓടിയ ഞാനും ഭാര്യം നിലത്തുവീണു. എന്നിട്ടും മർദനം തുടർന്നു. കൂടെയുണ്ടായിരുന്ന ആളുടെ തുട അടിച്ചുപൊട്ടിച്ചു. മറ്റൊരാളുടെ തലയുടെ പിൻഭാഗത്തായിരുന്നു മർദ്ദനം. ഭാര്യയുടെ തോളിനും കൈക്കും പരുക്കുണ്ട്’, പരുക്കേറ്റ ശ്രീജിത്ത് പറഞ്ഞു.
സ്ഥലംമാറ്റ നടപടിയിൽ തൃപ്തയല്ലെന്ന് പരുക്കേറ്റ സിത്താരയും പറഞ്ഞു. ‘അത്രയും ഞങ്ങൾ അനുഭവിച്ചു. ഒന്നരമാസത്തെ വിശ്രമമാണ് എനിക്ക് നിർദേശിച്ചിരിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടിച്ച കാര്യത്തിൽ ഇത്രയും നിസ്സാരമായ നടപടിയിൽ സംതൃപ്തരല്ല. എസ് സി/ എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള കേസും എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.