ഒട്ടാവ: അമേരിക്കയുടെ അധിക നികുതി നടപടിക്ക് കാനഡ തിരിച്ചടി നൽകിയതിനു പിന്നാലെ പഴയ പ്രതിസന്ധികളെ തരണം ചെയ്യാൻ ഒപ്പംനിന്ന കാര്യങ്ങൾ ഓർമപ്പെടുത്തിക്കൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ‘‘അഫ്ഗാനിസ്ഥാനിൽ യുദ്ധം നടക്കുമ്പോഴും കത്രീന കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയുടെ സമയത്തുമെല്ലാം ഞങ്ങൾ നിങ്ങളുടെ കൂടെ നിന്നു’’ – ഒട്ടാവയിൽനിന്നുള്ള വാർത്താ സമ്മേളനത്തിലൂടെ ട്രൂഡോ യുഎസ് ജനതയോട് പറഞ്ഞ വാക്കുകളാണിത്.
‘‘നോർമൻഡി മുതൽ കൊറിയ വരെ, ഫ്ലാൻഡേഴ്സ് മുതൽ അഫ്ഗാനിലെ തെരുവുകൾ വരെ, നിങ്ങളുടെ ഇരുണ്ട സമയങ്ങളിൽ ഞങ്ങൾ നിങ്ങളോടൊപ്പം പോരാടുകയും മരണം വരിക്കുകയും ചെയ്തിട്ടുണ്ട്. ലോകം ഇതുവരെ കണ്ടതിൽ ഏറ്റവും വിജയിച്ച സാമ്പത്തിക, സൈനിക, സുരക്ഷാ പങ്കാളിത്തം നമുക്കുണ്ട്. ഞങ്ങൾ എന്നും ഇവിടുണ്ട് നിങ്ങൾക്കൊപ്പം നിലനിന്നുകൊണ്ട്. യുഎസും കാനഡയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവ മറികടക്കാൻ ഇരുരാജ്യങ്ങൾക്കും സാധിച്ചു. ട്രംപിനു യുഎസിൽ സുവർണകാലം കൊണ്ടുവരണമെങ്കിൽ കാനഡയെ ശിക്ഷിക്കുന്നതിനു പകരം കൂടെ നിർത്തുകയാണു വേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ വൈറ്റ്‌ഹൗസ് എടുത്ത നടപടി ഒരുമിച്ചു നിൽക്കുന്നതിനുപകരം നമ്മളെ രണ്ടാക്കുകയാണ്.’’ – ട്രൂഡോ പറഞ്ഞു.
‘‘യുഎസിന്റെ 25% നികുതി ചുമത്തലിനു തിരിച്ചടിയായി അമേരിക്കൻ ഉൽപന്നങ്ങൾക്കും നികുതി ഏർപ്പെടുത്തുകയാണ്. അമേരിക്കൻ ബിയർ, പഴങ്ങൾ, പച്ചക്കറികൾ, പ്ലാസ്റ്റിക് തുടങ്ങി വിവിധ ഉൽപന്നങ്ങൾക്കാണ് തീരുവ ചുമത്തുക. കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഞങ്ങൾ കാനഡയ്ക്കുവേണ്ടി നിലനിൽക്കും. നികുതി ചുമത്തുന്നത് കാനഡ പൗരന്മാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അമേരിക്കക്കാർക്കും അങ്ങനെതന്നെ. അവരുടെ പ്രസിഡന്റിന്റെ നീക്കങ്ങൾ മൂലം അവർ തന്നെ ബുദ്ധിമുട്ടും. കാനഡയ്ക്കെതിരെ ചുമത്തുന്ന നികുതി നിങ്ങളുടെ ജോലിയെത്തന്നെ ബാധിച്ചേക്കാം. അമേരിക്കൻ വാഹന നിർമാതാക്കളുടെ പ്ലാന്റുകൾ, മറ്റു നിർമാണ കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചുപൂട്ടേണ്ടിവരും. അതു നിങ്ങൾക്ക് വിലക്കയറ്റം ഉണ്ടാക്കും. പച്ചക്കറികൾക്കും പമ്പുകളിൽനിന്നുള്ള ഗ്യാസിനും വിലയേറും. അമേരിക്കൻ ബിയർ, വൈൻ, മദ്യം, പഴങ്ങൾ, പച്ചക്കറികൾ, ഗൃഹോപകരണങ്ങൾ, പ്ലാസ്റ്റിക് തുടങ്ങി പല സാധനങ്ങൾക്കും വിലകൂടും’’ – ട്രൂഡോ പറഞ്ഞു.
Justin Trudeau Slams Trump’s Tariffs: Canadian Prime Minister Justin Trudeau announces retaliatory tariffs against the US, highlighting the strong US-Canada relationship and warning of economic consequences for both nations.
World News US News Canada News Donald Trump Justin Trudeau