മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപീഡനം ആരോപിച്ച് യുവതിയുടെ കുടുംബം. പൂക്കോട്ടുംപാടം സ്വദേശി വിഷ്‌ണുജയാണ് മരിച്ചത്. ഭർത്താവ് എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വിഷ്‌ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
2023 മേയിലാണ് വിഷ്‌ണുജയും പ്രഭിനും വിവാഹിതരായത്. മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സ് ആണ് പ്രഭിൻ. വിഷ്‌ണുജയ്ക്ക് ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്‌ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഇതിന് പ്രഭിന്റെ കുടുംബം കൂട്ടുനിന്നതായും ആരോപണമുണ്ട്. വിഷ്‌ണുജയുടെ മൃതശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു.
‘എന്റെ ജോലി കണ്ട് നിൽക്കേണ്ട, സ്വന്തമായി ജോലി വാങ്ങണമെന്ന് വിവാഹം കഴിഞ്ഞ് ഒരാഴ്‌ച കഴിഞ്ഞപ്പോൾ തന്നെ പ്രഭിൻ മകളോട് പറഞ്ഞു. ജോലി വാങ്ങാൻ കഠിനമായി ശ്രമിക്കുകയായിരുന്നു മകൾ. സൗന്ദര്യമില്ല, തടിയില്ല എന്നൊക്കെ പറഞ്ഞ് പ്രഭിൻ ബൈക്കിൽ പോലും കൊണ്ടുപോകുമായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഇരുവരും ഒരിടത്തും യാത്ര പോയിട്ടില്ല’- വിഷ്‌ണുജയുടെ പിതാവ് വാസുദേവൻ പറഞ്ഞു.
പ്രഭിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് വിഷ്‌ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. യുവതിയുടെ വീട്ടുകാരുടെ മൊഴിയെടുത്തു.
CASE DIARY, VISHNUJA DEATH CASE, PRABHIN, MALAPPURAM LADY SUICIDE MALAPPURAM MARRIED WOMEN HUSBAND WIFE ISSUE LATEST NEWS KERALA NEWS MALAPPURAM NEWS KOZHIKODE NEWS