ന്യൂഡൽഹി : ആദായ നികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല. ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. സഭയിൽ ‘മോദി, മോദി’ വിളികളും ഉയർന്നു. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയർത്തി.. ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.
ബിഹാറിനു വേണ്ടി മഖാന ബോർഡ് സ്ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം.
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും. സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്. അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
LIVE UPDATES
Union Budget 2025 Updates: Nirmala Sitharaman presents India’s Union Budget 2025. India News Nirmala Sitharaman
Malayalam News Union Budget Union Budget 2025