തന്റെ സിനിമയിലെ തുടക്കകാലത്ത് ഒരു സംവിധായകനിൽനിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഫോബ്‌സ് പവർ വിമൻസ് സമ്മിറ്റിലായിരുന്നു തന്റെ 19-ാം വയസിൽ ഒരു സംവിധായകനിൽനിന്നുണ്ടായ അനുഭവം നടി തുറന്നുപറഞ്ഞത്. അത് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്നതായ അനുഭവമാണെന്നായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
താൻ അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അതിന്റെ സംവിധായകന്റെ അടുത്തേക്ക് പോയത്. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് തന്റെ സ്റ്റൈലിസ്റ്റിനോട് വിശദീകരണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. വസ്ത്രധാരണം കൃത്യമായിരിക്കാനാണ് അങ്ങനെയൊരു കാര്യം സംവിധായകനോട് അഭ്യർഥിച്ചത്. എന്നാൽ, ആ സമയത്ത് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലാണ് ആ സംവിധായകൻ പെരുമാറിയതെന്നും നടി പറഞ്ഞു. അതാടെ ആ സിനിമയിൽ നിന്നും പിന്മാറിയെന്നും താരം പറയുന്നു. സംഭവം നടി വിവരിക്കുന്നത് ഇങ്ങനെ.
തന്റെ ആവശ്യം സംവിധായകനോട് ഉന്നയിച്ചതിന് പിന്നാലെ അയാൾ സ്‌റ്റൈലിസ്റ്റുമായി ഫോണിൽ സംസാരിച്ചു. ”കേൾക്കൂ, അവൾ അവളുടെ അടിവസ്ത്രം കാണിക്കുമ്പോൾ അവളെ കാണാനായി ആളുകൾ സിനിമ കാണാൻവരും. അതിനാൽ അടിവസ്ത്രം ചെറുതായിരിക്കണം. മുന്നിലിരിക്കുന്ന ആളുകളെ നിങ്ങൾക്കറിയാമല്ലോ, അവർക്ക് അവളുടെ അടിവസ്ത്രം കാണാൻ കഴിയണം”, എന്നായിരുന്നു സംവിധായകൻ ഫോണിൽ പറഞ്ഞത്. ഇതേ രീതിയിൽ നാലുതവണ അയാൾ ഫോണിൽ സംസാരിച്ചെന്നും അത് അത്രയേറെ മോശം അനുഭവമായിരുന്നെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി.
ഈ സംഭവത്തിന് പിന്നാലെ താൻ വീട്ടിലെത്തി ഇക്കാര്യം അമ്മയായ മധു ചോപ്രയോട് പറഞ്ഞതായും നടി പറഞ്ഞു. അതോടെ ആ സിനിമ ഉപേക്ഷിച്ചെന്നും പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവർത്തിച്ചിട്ടില്ലെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു. 18-ാം വയസിൽ ‘മിസ് വേൾഡ്’ കിരീടം ചൂടിയതിന് പിന്നാലെയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അഭിനയരംഗത്തെത്തുന്നത്. 2002-ൽ ‘തമിഴൻ’ എന്ന തമിഴ്ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. 2003-ൽ ‘ദി ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും പ്രിയങ്ക അരങ്ങേറി. പിന്നീടങ്ങോട്ട് നിരവധി മുൻനിര താരങ്ങൾക്കൊപ്പം നടി അവരുടെ സ്ഥാനം ഉറപ്പിച്ചു.