മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്നു തിന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയെ. വളരെ ഞെട്ടിക്കുന്ന വാർത്തയാണെന്ന് മിന്നുമണി സമൂഹ മാധ്യമത്തിൽ കുറിച്ചു.
‘‘വളരെ ഞെട്ടിക്കുന്ന വാർത്തയാണ് അൽപം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.’’ – മിന്നുമണി സമൂഹ മാധ്യമത്തിൽ കുറിച്ചു.
മാനന്തവാടി സ്വദേശിയായ മിന്നുവിന്റെ അമ്മയുടെ സഹോദരൻ അച്ചപ്പന്റെ ഭാര്യയാണ് രാധ. വനംവാച്ചറാണ് അച്ചപ്പൻ. അനീഷ, അജീഷ് എന്നിവരാണ് രാധയുടെ മക്കൾ. തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാൻ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാൻ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഒ.ആർ.കേളു അറിയിച്ചു.
മന്ത്രി ഉറപ്പ് നൽകിയതിനെത്തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. കടുവയെ പിടികൂടുന്നതിനു നടപടികൾ വനംവകുപ്പ് ആസൂത്രണം ചെയ്യുകയാണ്. പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. നരഭോജിക്കടുവയായതിനാൽ മയക്കുവെടി വച്ചു പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ആദ്യം നടപ്പാക്കുക എന്നാണ് വിവരം.
LIVE UPDATES Wayanad Tiger Attack: Cricketer Minnu Mani Mourns Uncle’s Wife Kerala News Wayanad News Minnu Mani
Tiger Latest News