മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിക്കാൻ തനിക്ക് പദ്ധതിയില്ലായിരുന്നെന്നും അമ്മയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാണു മോഷ്ടിക്കാൻ ഇറങ്ങിയതെന്നും പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിൻരെ മൊഴി. മോഷ്ടിച്ച് കിട്ടുന്ന പണവുമായി ബംഗ്ലദേശിലേക്കു രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി. അതേസമയം പ്രതിയിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽനിന്നു ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി.
ഇതിനിടെ, മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ (ഷിൻഡെ) നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു. നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് അഞ്ച് ദിവസം കഴിഞ്ഞാൽ എഴുന്നേറ്റു നടക്കാനാകുമോയെന്നും നേതാവ് ചോദിച്ചു.
ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് 5 ദിവസത്തിനു ശേഷം കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് കാറിൽ വന്നിറങ്ങിയ താരത്തെ കാണാൻ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടൻ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. പേലീസ് അന്വേഷണം നടക്കുന്നതിനാൽ ഏതാനും ദിവസം അവിടെ തങ്ങും. തുടർന്ന് സമീപത്തെ ഫോർച്യൂൺ ഹൈറ്റ്സ് എന്ന സമുച്ചയത്തിൽ ഇവരുടെ ഉടമസ്ഥതയിലുള്ള വസതിയിലേക്കു മാറും.
13 നിലകളുള്ള സദ്ഗുരു ശരൺ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിലാണ് നടനും കുടുംബവും താമസിക്കുന്നത്. മോഷണത്തിനായി എത്തിയ പ്രതി പുലർച്ചെ രണ്ടരയ്ക്കാണ് സെയ്ഫിനെ ആക്രമിച്ചത്. ആറു കുത്തേറ്റ നടനെ അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം ദേഹത്തുനിന്നു നീക്കിയിരുന്നു.