ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്, എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി

കോഴിക്കോട്: തന്റെ സിനിമാ ജീവിതത്തിൽ എക്കാലവും ഓർത്തുവയ്ക്കാൻ പാകത്തിനു പൗരുഷത്തിന്റെ പ്രതീകമായ ചന്തുവിനെ സമ്മാനിച്ച അന്തരിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പിലൂടെയാണ് മമ്മൂട്ടി എംടിയെ അനുസ്മരിച്ചത്. തന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി കുറിച്ചു.

ഒരു വടക്കൻ വീരഗാഥ, ഉത്തരം, അടിയൊഴുക്കുകൾ, സുകൃതം, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ തുടങ്ങി എംടി വാസുദേവൻ നായർ രചിച്ച ഒട്ടേറെ ചലച്ചിത്രങ്ങളിൽ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ നടന്ന എംടിയുടെ 91-ാം പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചു നൽകിയ മമ്മൂട്ടിയെ എംടി ആലിംഗനം ചെയ്യുന്ന ചിത്രം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് കാലിടറിയ എംടിയെ താങ്ങിയ കൈകൾ ഏറെ ശ്രദ്ധനേടിയിരുന്നു.
എഴുത്തിന്റെ കുലപതി യാത്രയായി, എംടി ഇനി ദീപ്തസ്മരണ
മമ്മൂട്ടിയുടെ കുറിപ്പ് പൂർണരൂപത്തിൽ:

ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7