കോഴിക്കോട്: എഴുത്തിന്റെ കുലപതി, മലയാളികളുടെ സ്വകാര്യ അഹങ്കാരം, മലയാളികൾ എന്നും നെഞ്ചിലേറ്റിയ ദ്വയാക്ഷരം മലയാളത്തിന്റെ എംടി വിട പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംടി വാസുദേവൻ നായർ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവുമാണ് സമീപത്തുണ്ടായിരുന്നത്.
എഴുത്തിലെ ഇതിഹാസമായിരുന്നു എംടി മനുഷ്യന്റെ ഹൃദയവിചാരങ്ങളും സംഘർഷവും തന്റെ തൂലികയിവൂടെ ഭാവതീവ്രമായി തലമുറകൾക്കു പകർന്നു നൽകിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സർഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത. വില്ലനെ പോലും ആദരവോടെ അഭ്രപാളിയിലേക്കെത്തിച്ച എഴുത്തിന്റെ മൂർത്തിമത്ഭാവം ഇതെല്ലാമായിരുന്നു എംടിയെന്ന രണ്ടക്ഷരം.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യുഎസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പരേതയായ പ്രമീള നായർ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എംടിയുടെ ജനനം. പുന്നയൂർക്കുളം ടി നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകനും പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.
നന്നേ ചെറുപ്പം മുതൽ എഴുത്തിൽ തൽപരനായിരുന്നു എംടി 1958-ൽ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. തകരുന്ന നായർ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അറുപതുകളോടെ എംടി മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായി മലയാളികൾക്കിടയിൽ ചിരപ്രതിഷ്ഠ നേടി.
സമൂഹത്തിൽ നിലനിന്നിരുന്ന ഫ്യൂഡൽ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകർച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായർ തറവാടുകളും അവിടുത്തെ നിസഹായരായ മനുഷ്യരുമാണ് എംടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം. എക്കാലത്തെയും മനുഷ്യന്റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തഃക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളത്തിൽ ആളിപ്പടർന്നു. ‘കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എൻപി മുഹമ്മദുമായി ചേർന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’, ‘വാരാണസി’ തുടങ്ങിയ നോവലുകൾ. കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. എംടിയുടെ കരസ്പർശമേറ്റതെല്ലാം മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. 1984-ലാണ് ‘രണ്ടാമൂഴം’ പുറത്തുവരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തിൽ കാണുന്ന ‘രണ്ടാമൂഴം’ എംടിയുടെ മാസ്റ്റർപീസായി വിലയിരുത്തപ്പെടുന്നു. ഇന്നും രണ്ടാമൂഴത്തിനു വായനക്കാരേറെയാണ്. രണ്ടാമൂഴം വായിക്കുന്ന വായനക്കാരനു ഒരു നേർത്ത ഗദ്ഗദത്തോടെയല്ലാതെ ഭീമനെ വായിച്ചുതീർക്കുവാനാവുകയുള്ളു.
സാഹിത്യജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എംടിക്ക് സിനിമയും. സ്വന്തം കൃതിയായ ‘മുറപ്പെണ്ണി’ന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടർന്ന് തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അൻപതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. നിർമ്മാല്യം (1973), ബന്ധനം(1978), മഞ്ഞ്(1982), വാരിക്കുഴി(1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചെറുകഥകൾ പോലെതന്നെ ചെത്തിയൊതുക്കിയ, സമഗ്രതയാർന്ന തിരക്കഥകളായിരുന്നു എംടിയുടേത്. സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് മലയാള സിനിമയെ നവീകരിച്ചു. എംടി രൂപപ്പെടുത്തിയ കഥാപാത്രങ്ങൾ മലയാളത്തിലെ മഹാരഥന്മാരായ നടന്മാരുടെ പ്രതിഭയ്ക്ക് ദീപപ്രഭ നൽകി.
2005-ൽ രാജ്യം എംടിയെ പത്മഭൂഷൺ നൽകി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ൽ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്), വയലാർ അവാർഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നൽകിയ അമൂല്യസംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോട് സർവകലാശാലയും മഹാത്മ ഗാന്ധി സർവകലാശാലയും ഡി.ലിറ്റ്. നൽകി ആദരിച്ചു. എംടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിർമ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.