മാട്രിമോണിയല്‍ സൈറ്റിലൂടെ അടുക്കും; വിവാഹം ചെയ്തശേഷം ലക്ഷങ്ങള്‍ തട്ടും; വിവാഹത്തട്ടിപ്പ് റാണി അറസ്റ്റില്‍; പത്തുവര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികള്‍; ‘കള്ളി വധു’വിന്റെ കഥ

ജെയ്പുര്‍: നിരവധി ആണുങ്ങളെ വിവാഹം ചെയ്തു കോടികള്‍ അടിച്ചുമാറ്റിയ യുവതി രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍. 1.25 കോടിയോളം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവര്‍ ഇത്തരത്തില്‍ സമ്പാദിച്ചെന്നും പോലീസ് ഇവരെ ‘കളളി വധു’വെന്നാണ് വിളിച്ചത്.

ഉത്തരാഖണ്ഡ് സ്വദേശിയായ സീമയെന്ന നിക്കിയെയാണു അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 മുതല്‍ ഇവര്‍ നിരവധി പുരുഷന്‍മാരെ വിവാഹം ചെയ്തു. വളരെപ്പെട്ടെന്നുതന്നെ ഏതുവിധേനയും വിവാഹമോചനം നേടും. അതിനുശേഷം നഷ്ടപരിഹാരമായി ലക്ഷങ്ങള്‍ കൈപ്പറ്റുകയാണ് ഇവരുടെ രീതി.

ധനാഠ്യരായ പുരുഷന്‍മാരെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ഓപ്പറേഷന്‍. ആഗ്ര സ്വദേശിയായ ബിസിനസുകാരനായിരുന്നു ആദ്യ ഇര. 2013ലെ വിവാഹത്തിനു പിന്നാലെ ഇവര്‍ വീട്ടുകാര്‍ക്കും ഭര്‍ത്താവിനുമെതിരേ കേസ് നല്‍കി. 75 ലക്ഷമാണ് ഇവര്‍ക്കു നഷ്ടപരിഹാരമായി കിട്ടിയത്.

2017ല്‍ അടുത്ത വിവാഹം നടന്നു. ഗുരുഗ്രാമില്‍നിന്നുള്ള സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായിരുന്നു ‘വരന്‍’. ഇയാളില്‍നിന്നു പത്തുലക്ഷം രൂപയോളമാണ് അടിച്ചുമാറ്റിയത്.

2023ല്‍ ഇവര്‍ ജെയ്പുരില്‍നിന്നുള്ള ജ്വല്ലറി വ്യാപാരിയെ വിവാഹം ചെയ്തു. വിവാഹത്തിനുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് 36 ലക്ഷം രൂപയുടെ സ്വര്‍ണവും തട്ടിയെടുത്തു മുങ്ങി. എന്നാല്‍, പതിവിനു വിരുദ്ധമായി പെട്ടതു സീമ തന്നെയാണ്. വരന്റെ കുടുംബം പരാതി നല്‍കിയതോടെ ഇവര്‍ ജെയ്പുര്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചെറുതും വലുതുമായ നിരവധി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയെന്നു കണ്ടെത്തിയത്. മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്നാണ് ഇവര്‍ വരന്‍മാരെ കണ്ടെത്തിയിരുന്നത്. സമ്പന്നരും വിവാഹമോചിതരും ഭാര്യയെ നഷ്ടപ്പെട്ടവരുമൊക്കെയാണ് ഇവരുടെ ചൂണ്ടയില്‍ കൊത്തിയത്. ഓപ്പറേഷന്‍ തുടങ്ങുന്നതിനു മാസങ്ങള്‍മുമ്പുതന്നെ വരന്‍മാരുടെ സമ്പത്തും കുടുംബ വിവരങ്ങളും ശേഖരിക്കും. ഇതിനുശേഷമാണ് ഇവരുമായി അടുക്കുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7