ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കും ജാമ്യമില്ലാ വാറണ്ട്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ വിചാരണക്കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അഞ്ചു പ്രതികൾക്കും ആലപ്പുഴ അഡീഷണൽ സെഷൻസ് മൂന്നാം കോടതി ജഡ്ജി എസ്. അജികുമാർ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇവരുടെ ജാമ്യക്കാർ കോടതിയിൽ ഹാജരാകാനും ഉത്തരവിൽ പറയുന്നു.
ഷാൻ വധക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായ കേസിലെ രണ്ടു മുതൽ ആറുവരെ പ്രതികളായ ആലപ്പുഴ കോമളപുരം അവലൂക്കുന്ന് തൈവെളിവീട്ടിൽ വിഷ്ണു, പൊന്നാട് കുന്നുമ്മമ്മേലിൽ സനന്ദ്, മാരാരിക്കുളം തെക്ക് കടുവെട്ടിയിൽ വീട്ടിൽ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തിൽ അതുൽ, തെക്കനാര്യാട് കിഴക്കേവെളിയത്ത് ധനീഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതികൾ വ്യാഴാഴ്ച കോടതിയിൽ ഹാജരാകേണ്ടതായിരുന്നു.
കേസിൽ ആകെ 11 പ്രതികളാണുള്ളത്. ഇതിൽ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, പൊന്നാട് സ്വദേശി പ്രണവ് എന്നിവർ കോടതിയിൽ ഹാജരായിരുന്നു. അസുഖം ബാധിച്ചതിനാൽ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂർ സ്വദേശി രതീഷ് എന്നിവർ എത്തിയിരുന്നില്ല. ഇവരുടെ അവധി അപേക്ഷ കോടതി സ്വീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ പിപി ഹാരിസ് ഹാജരായി.