എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാറൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രമാണ് നടൻ വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
അതേസമയം റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി സ്വന്തമാക്കി. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ഇതാദ്യമായാണ് വിജയരാഘവൻ ദേശീയ പുരസ്കാരം നേടുന്നത്. എന്നാൽ ഇത് രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടുന്നത്. ട്വൽത്ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിനാണ്.