മലപ്പുറം: മുതിർന്ന പൗരന്മാർക്കുള്ള സീറ്റിൽ ഇരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിന് കണ്ടക്ടറും മറ്റു വനിത യാത്രക്കാരും അപമാനിച്ച സംഭവത്തിൽ മന്ത്രിക്കും വകുപ്പ് മേധാവികൾക്കും പരാതി നൽകി വിരമിച്ച വനിത ഹെഡ് പോസ്റ്റ് മാസ്റ്റർ. സംഭവത്തിൽ കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘സ്‌ട്രെയ്ഞ്ചർ’ സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് പുത്തൂർ അരിച്ചോൾ സ്വദേശിനി ടി.കെ. ശൈലജ (62) വകുപ്പു മന്ത്രിക്കു പരാതി നൽകിയത്. രാമനാട്ടുകരയിൽ നിന്നും ചങ്കുവെട്ടിയിലേക്ക് ബസ് കയറിയതാണ് ഇവർ. മുതിർന്നവർക്കുള്ള സീറ്റിൽ ഉണ്ടായിരുന്നത് കൗമാരക്കാരായ പെൺകുട്ടികളായിരുന്നു.
തനിക്കു ഒട്ടേറെ രോഗങ്ങളുള്ളതാണ്, നിൽക്കാൻ പറ്റുന്നില്ല, അതിനാൽ സീറ്റ് ഒഴിഞ്ഞുതരാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ, ഗുരുവായൂർക്കുള്ള യാത്രക്കാരാണ്, നിങ്ങൾ പ്രശ്നമുണ്ടാക്കരുതെന്ന മറുപടിയാണ് കണ്ടക്ടർ നൽകിയത്. ഏറെ നേരം ആവശ്യപ്പെട്ടിട്ടും മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് ഇരിക്കാൻ വിട്ടുനൽകാതെ കണ്ടക്ടർ മറ്റുയാത്രക്കാർക്കൊപ്പം ചേർന്ന് വ്യക്തിപരമായി അവഹേളിച്ചെന്നാണ് പരാതി. മന്ത്രി കെ.ബി. ഗണേഷ് കുമാർ, ജില്ല കലക്ടർ, എ.ഡി. എം, ആർ.ടി.ഒ തുടങ്ങിയവർക്കാണ് പരാതി നൽകിയത്.