ടൊറന്റോ: ഇറക്കുമതി നികുതി ചുമത്തുമെന്ന അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി കാനഡ. 155 ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ഇറക്കുമതി തീരുവ ഏപ്പെടുത്താനൊരുങ്ങുകയാണ് കാനഡ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തിരിച്ചടിയെന്നോണമാണ് കാനഡയുടെ നടപടി.
30 ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകൾക്ക് ഉടനടി താരിഫ് ഏർപ്പെടുത്തുമെന്നും 125 ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന സാധനങ്ങൾക്ക് 21 ദിവസത്തിനകം താരിഫ് ഏർപ്പെടുത്തുമെന്നും ട്രൂഡോ അറിയിച്ചു. അമേരിക്കയുടെ വ്യാപാര നടപടിയും അതിനോടുള്ള തങ്ങളുടെ പ്രതികരണവും മൂലം ഇരുരാജ്യങ്ങളുടെയും ജനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രൂഡോ പറഞ്ഞു. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വേണമെന്നില്ല, ഇതാവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ കനേഡിയന്‍ ജനതയ്ക്കായി നിലകൊള്ളുന്നതില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡക്കുമേൽ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡൻ്റ് മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ കാനഡ പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി.
ലോകത്ത് ഏറ്റവും കൂടുതൽ ചരക്ക് ഇറക്കുമതിചെയ്യപ്പെടുന്ന രാജ്യമാണ് യു.എസ്. പുതിയ സെൻസസ് ഡേറ്റയനുസരിച്ച് മെക്സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങളാണ് യു.എസിലേക്ക് ഉത്പന്നങ്ങൾ കയറ്റിയയക്കുന്നതിൽ മുൻപന്തിയിലുള്ളത്. ട്രംപിന്റെ നടപടി ആഗോളതലത്തിൽ പുതിയ വ്യാപാരയുദ്ധത്തിനു തുടക്കമിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Canada responds to Trump tariffs Justin Trudeau to impose tariffs on US goods