കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആൻറി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാനുള്ള തീരുമാനത്തിൽ പോലീസ്. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന. എസിപിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഡാൻസാഫിനെ കണ്ട് ഇറങ്ങിയോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിൻറെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്നേ
ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയിൽ നിന്ന് വ്യക്തമാകും.
നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആൻറി ഡോപ്പിംഗ് ടെസ്റ്റിൻറെ ഫലം കേസിൽ നിർണായകമാകും. ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. തുടക്കത്തിൽ പിടിച്ച് നിന്നെങ്കിലും പോലീസിൻറെ തുടർ ചോദ്യങ്ങൾക്ക് മുന്നിൽ ഷൈൻ അടിപതറുകയായിരുന്നു. ഒപ്പം ഷൈൻറെ ഫോൺ കോളുകളും നിർണായകമായി. കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനിനെ പോലീസ് ചോദ്യം ചെയ്തത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളിൽ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ നൽകി കൊണ്ടിരുന്നത്. എന്നാൽ, ഫോൺ കോളുകളും ഡിജിറ്റൽ ഇടപാടുകളും അടക്കമുള്ള തെളിവുകൾ മുന്നിൽ വച്ചുള്ള ചോദ്യങ്ങളിൽ ഷൈൻറെ പ്രതിരോധം തകർന്നു.
ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കേണ്ടി വരികയായിരുന്നു. ലഹരി ഇടപാടുകാരനുമായി നടത്തിയ ഫോൺ കോൾ എന്തിനെന്ന് വിശദീകരിക്കാൻ ഷൈനിന് കഴിഞ്ഞില്ല. ഇയാളെ പരിചയമില്ലെന്ന് ആദ്യം പറഞ്ഞു. കോൾ ലോഗ് വന്നതോടെ പരുങ്ങലിലായ ഷൈന് ഒടുവിൽ പരിചയമുണ്ടെന്ന് സമ്മതിക്കുകയായിരുന്നു.
അതേസമയം എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനിനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിനാൽതന്നെ എല്ലാ വശത്തുനിന്നും പൂട്ടാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.