ന്യൂഡൽഹി: പൊലീസ് കോൺസ്റ്റബിളിലെ പുറത്താക്കിയ റേഞ്ച് ഇൻസ്പെക്ടറുടെ നടപടിക്കെതിരെ പുറത്താക്കപ്പെട്ട പൊലീസുകാരന് വേണ്ടി കോടതിയിൽ വാദിച്ചത് ഇൻസ്പെക്ടറുടെ മകൾ. അച്ഛന്റെ സസ്‌പെൻഷൻ ഉത്തരവിനെ അഭിഭാഷകയായ മകൾ കോടതിയിൽ ചോദ്യം ചെയ്യുകയും അച്ഛന്റെ ഉത്തരവ് കോടതിയിൽ റദ്ദാക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അലഹാബാദ് കോടതയിലാണ് നാടകീയ സംഭവം ഉണ്ടായത്.
2023 ജനുവരി 13-ന്, പിലിഭിത്തിൽ നിന്ന് ബറേലിയിൽ എത്തിയ കുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദിനെ വകുപ്പുതല നടപടികളെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പോക്സോ ഇയാൾക്കെതിരെ കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്തു. തുടർന്ന് ബറേലി റേഞ്ച് ഇൻസ്പെക്ടർ ജനറൽ രാകേഷ് സിംഗ് തൗഫീഖ് അഹമ്മദിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി.
അലഹബാദ് ഹൈക്കോടതിയിൽ തൗഫീഖ് അഹമ്മദ് തന്റെ പിരിച്ചുവിടലിനെ ചോദ്യം ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ ജനറൽ രാകേഷ് സിംഗിന്റെ മകൾ അനുര സിംഗിനെയാണ് തൗഫീഖ് കേസ് ഏൽപ്പിച്ചത്. തൗഫീഖിനെതിരെയുള്ള നടപടി 1991 ലെ ഉത്തർപ്രദേശ് പൊലീസ് സബോർഡിനേറ്റ് റാങ്ക്സ് (ശിക്ഷയും അപ്പീലും) ചട്ടങ്ങളുടെ ലംഘനമാണെന്ന് അനുര വാദിച്ചു. തൗഫീഖിനെതിരെ അന്വേഷിച്ച ഉദ്യോഗസ്ഥൻ കുറ്റങ്ങൾ നടന്നതായി കണ്ടെത്തുകയും ശിക്ഷക്ക് ശുപാർശ ചെയ്യുകയും ചെയ്തു.
ഇത് ചട്ടലംഘനമാണെന്നും അച്ചടക്ക അതോറിറ്റിക്ക് മാത്രമാണ് ശിക്ഷ വിധിക്കാനുള്ള അധികാരമെന്നും അനുര വാദിച്ചു. ജസ്റ്റിസ് അജിത് കുമാർ വാദത്തോട് യോജിക്കുകയും അന്വേഷണ റിപ്പോർട്ടും പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ പുതിയ അന്വേഷണം പൂർത്തിയാക്കി അഹമ്മദിനെ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മകൾ തന്റെ പ്രൊഫഷണൽ മൂല്യം ഉയർത്തിപ്പിടിച്ചതിൽ അഭിമാനമുണ്ടെന്ന് റേഞ്ച് ഇൻസ്പെക്ടർ ജനറൽ രാകേഷ് സിംഗ് പറഞ്ഞു. എന്റെ മകളുടെ വിജയം ഒരു വലിയ കാര്യമാണെന്നും പൊലീസ് അന്വേഷണത്തിൽ ചില വീഴ്ചകൾ സംഭവിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാകേഷ് സിംഗ് സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്.
താനും അച്ഛനും അവരുടെ കടമകൾ നിർവഹിക്കുക മാത്രമായിരുന്നുവെന്ന് അനുര സിംഗ് പറഞ്ഞു. അഭിഭാഷകൻ എന്ന നിലയിൽ ഞാൻ എന്റെ ക്ലയന്റിന് വേണ്ടി പോരാടുകയായിരുന്നു. എന്റെ അച്ഛൻ സർക്കാരിനെ പ്രതിനിധീകരിച്ചുവെന്നും അവർ പറഞ്ഞു. തന്റെ അഭിഭാഷകയും റേഞ്ച് ഇൻസ്പെക്ടർ ജനറൽ രാകേഷ് സിംഗ് തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്ന് തൗഫീഖ് പറഞ്ഞു.