നെയ്യാറ്റിൻകര: സ്വത്തുക്കൾ തട്ടിയെടുക്കാൻ തന്നെക്കാൾ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏൽപിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഭർത്താവിനു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ ഭർത്താവ് തിരുവനന്തപുരം അതിയന്നൂർ അരുൺ നിവാസിൽ അരുണിനെ (32) നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ കോടതിയാണു ശിക്ഷിച്ചത്.
അരുൺ കുറ്റക്കാരനെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കുന്നത്തുകാൽ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തൻ വീട്ടിൽ ശാഖാ കുമാരി (52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബർ 26നു പുലർച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം. അവിവാഹിതയായ ശാഖ കുമാരിയുമായി ഇലക്ട്രിഷ്യനായ അരുൺ (അന്ന് 28 വയസ്സ്) അടുക്കുകയും 2020 ഒക്ടോബർ 29നു വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വിഡിയോ ഒന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ലെന്നും അരുൺ നിഷ്കർഷിച്ചിരുന്നു.
പക്ഷേ, ശാഖാ കുമാരിയുടെ ബന്ധുക്കളിൽ ചിലർ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. പിന്നീട് ശാഖാ കുമാരിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇലക്ടിക് സാധനം റിപ്പയർ ചെയ്യുന്നതായി ഭാവിച്ച് ഇവരെ ഷോക്ക് ഏൽപിക്കാൻ ശ്രമിച്ചെങ്കിലും ശാഖാ തലനാരിഴക്കു രക്ഷപ്പെട്ടതായി കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന്, 2020 ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിച്ച ശേഷം ബന്ധുക്കൾ വീട്ടിൽനിന്നു പിരിഞ്ഞപ്പോൾ ശാഖാ കുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ശരീരത്തിൽ വൈദ്യുതി കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണെന്നു വരുത്താൻ അലങ്കാര ബൾബുകൾ ശരീരത്തിൽ ചുറ്റിയിടുകയും ചെയ്തു.