കൊച്ചി: നടി ഹണി റോസിൻറെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പഴുതടച്ചുള്ള നീക്കവുമായി പോലീസ്. ഇതിനായി പരമാവധി തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിൻറെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂർ ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണ് പിടിച്ചെടുത്തത്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് കൊച്ചി സെൻട്രൽ പൊലീസാണ് രേഖപ്പെടുത്തിയത്. പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയെ സമൂഹമധ്യത്തിൽ അശ്ലീല ധ്വനിയോടെ അപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോടുള്ള ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആറിലുള്ളത്.
കൂടാതെ മറ്റൊരു ചടങ്ങിൽ പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. തുടർന്ന് സമാനമായ പരാമർശങ്ങൾ ജാങ്കോ സ്പേയ്സ് എന്ന യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകൾ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.
ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ, ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ, എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകി ഹണി റോസ്
നടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിർത്തി വണ്ടിയിൽ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തിൽ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നൽകിയില്ല. അതിനിടെ ഹണിറോസിൻറെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് ഹണി മൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങൾക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.
















































