കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യംചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും.
ഇതിനിടെ നടി ഹണി റോസ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി. ബുധനാഴ്ച വൈകുന്നേരം കോടതിയിൽ നേരിട്ട് എത്തിയാണ് നടി രഹസ്യമൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങൾക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹണി റോസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിർത്തി വണ്ടിയിൽ നിന്ന് വിളിച്ചിറക്കിയാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം വാഹനത്തിൽ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നൽകിയില്ല.
‘മുന്നറിയിപ്പ്’ നൽകിയിട്ടും ബോബി ചെമ്മണൂർ നിലപാടിൽ മാറ്റം വരുത്തിയില്ല… മുൻകൂർ ജാമ്യം തേടാനും ലഭിച്ചില്ലെങ്കിൽ ഒളിവിൽ പോകാനും സുപ്രീം കോടതിവരെ നീട്ടാനുമുള്ള നീക്കം പൊലീസ് പൊളിച്ചത് ഇങ്ങനെ…
സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തൽ, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം സെൻട്രൽ പോലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
മാസങ്ങൾക്കുമുൻപ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങൾക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. ആഭരണങ്ങൾ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവർ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമർശം നടത്തി. കുറേപ്പേർ അത് ദ്വയാർഥത്തിൽ ഉപയോഗിച്ചു. അവർക്കത് ഡാമേജായി, വിഷമമായി. അതിൽ എനിക്കും വിഷമമുണ്ട്. ഞാൻ മനപ്പൂർവം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാർക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.