ലക്‌നൗ: ‘പെണ്‍കുട്ടികളെ പതിവായി ഉപദ്രവിക്കുന്ന മുസ്ലിം യുവാവിനെ യുപി പോലീസ് കൈകാര്യം ചെയ്യുന്നതു കണ്ടോയെന്നു’ ചോദിച്ചു ട്വിറ്ററി (എക്‌സ്)ല്‍ പ്രചരിപ്പിച്ച വീഡിയോ പൊളിച്ചടുക്കി ഫാക്ട് ചെക്കിംഗ് പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ്.
യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ സമീപത്തേക്കു യുവാവ് ബൈക്കില്‍ വരുന്നതും പെണ്‍കുട്ടികളില്‍ ഒരാളെ അനാവശ്യമായി സ്പര്‍ശിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. മറ്റൊന്നു യുവാവിനെ യുപി പോലീസ് മര്‍ദിക്കുന്ന ദൃശ്യമാണ്. എന്നാല്‍, ഇതു രണ്ടും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമായുണ്ടായ രണ്ടു സംഭവങ്ങളെ കൂട്ടിയിണക്കിയ ദൃശ്യമാണെന്നു തെളിവുകളടക്കമാണു പുറത്തെത്തിച്ചത്.
ബാബ ബനാറസ് എന്ന എക്‌സ് ഹാന്‍ഡിലില്‍നിന്നു പുറപ്പെട്ട വ്യാജ വീഡിയോ ഇതിനകം പതിനായിരക്കണക്കിനുപേരാണു ഷെയര്‍ ചെയ്തത്. എന്നാല്‍, ഇയാള്‍ മതവിദ്വേഷവും തെറ്റായ വിവരങ്ങളും എക്‌സില്‍ പതിവായി പ്രചരിപ്പിക്കുന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ വീഡിയോതന്നെ ഉപയോഗിച്ചു ഫ്രണ്ടല്‍ ഫോഴ്‌സ് എന്ന എക്‌സ് പേജിലും വ്യാപകമായ വിദ്വേഷ പ്രചാരണമാണു നടക്കുന്നത്.
രണ്ടു വീഡിയോകള്‍ കൂട്ടിയിണക്കി പുറത്തിറക്കിയ ദൃശ്യത്തിന്റെ ആദ്യ ഭാഗത്തെ ബൈക്കില്‍ വരുന്ന യുവാവിന്റെ ദൃശ്യം നേരത്തെയും വാര്‍ത്തയായിട്ടുണ്ട്. മഹരാഷ്ട്രയിലെ ന്യൂസ് 75 എന്ന വെബ്‌സൈറ്റ് ഇതേക്കുറിച്ചു വാര്‍ത്ത നല്‍കിയിട്ടുമുണ്ട്. ബൈക്ക് റൈഡറുടെ ക്രൂരത: പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നു, അവളുടെ മാറിടത്തില്‍ ഇടിക്കുന്നു’ എന്ന തലക്കെട്ടോടെയാണു 2024 ഡിസംബര്‍ ആറിനു വാര്‍ത്ത നല്‍കിയിട്ടുള്ളത്. മഹാത്മ ഫുലെ കോളജില്‍നിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഇതു റോഡരികിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു.
ഇതേ സംഭവത്തില്‍ നണല്‍പേട്ട് പോലീസ് കേസെടുത്തതിനെക്കുറിച്ചു മറ്റൊരു പ്രാദേശിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത യുവാവിനൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ചിത്രവും ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടു. പര്‍ളി താലൂക്കിലെ ധര്‍മപുരിയില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പോലീസ് മര്‍ദിക്കുന്ന വീഡിയോയുടെ രണ്ടാമത്ത ഭാഗത്തെക്കുറിച്ചു ന്യൂസ് 21 എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. മധ്യപ്രദേശിലെ ഗഡ്വാരയില്‍ 40,000 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ മധുര്‍ ചൗരസ്യയെന്നയാളെ കൊലപ്പെടുത്തിയ വികാസ് കുച്ബാന്ദിയ എന്നയാളെയാണു പോലീസ് തെരുവില്‍ മര്‍ദിക്കുന്നതെന്നു വാര്‍ത്തയില്‍ പറയുന്നു. ഇക്കാര്യം ഭാരത് സംവാദ് ടിവിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നരസിംഗ്പുര്‍ ജില്ലയിലെ ഗഡ്വാരയില്‍ ഡിസംബര്‍ അഞ്ചിനു നടന്ന സംഭവമെന്നാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ചു നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വികാസിന്റെ കഴുത്തു മുറിച്ചശേഷം തലയില്‍ കല്ലുകൊണ്ട് ഇടിച്ചാണു കൊലപ്പെടുത്തിയത്. നവഭാരത്, ദൈനിക് ഭാസ്‌കര്‍ എന്നിവയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
ഈ രണ്ടു വീഡിയോകളും തന്ത്രപരമായി കൂട്ടിയിണക്കിയാണ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. യുപിയില്‍ നടന്ന സംഭവമെന്ന രീതിയില്‍ ഇതു പിന്നീടു പ്രചരിപ്പിക്കുകയും ചെയ്തു. മുസ്ലിംകളെ യുപി പോലീസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു കാണൂ എന്നു ചൂണ്ടിക്കാട്ടിയാണ് പ്രചരിപ്പിച്ചതും.
https://www.youtube.com/watch?v=WVBfC0AdDgo&t=22s