താനൂർ: തന്നിൽ പിടിമുറുക്കിയിരിക്കുന്ന ലഹരിയിൽ നിന്ന് മോചനം തേടി സ്വമേധയ പോലീസ് സ്‌റ്റേഷനിലെത്തി യുവാവ്. മലപ്പുറം താനൂരിലാണ് സംഭവം. സ്വമേധയാ സ്റ്റേഷനിലെത്തിയ യുവാവ് താൻ ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും പോലീസിനോട് പറയുകയായിരുന്നു. തുടർന്ന് താനൂർ ഡിവെെഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിൽ യുവാവിനെ താനൂരിലെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ലഹരി ഉപയോഗം തന്നെ നശിപ്പിച്ചെന്നും കുടുംബത്തിൽ നിന്ന് അകറ്റിയെന്നും യുവാവ് പോലീസിനോടു പറഞ്ഞു.
തനിക്ക് ലഹരിയിൽ നിന്ന് മോചനം വേണം, സഹായിക്കണം എന്നായിരുന്നു യുവാവ് പോലീസിനോട് ആവശ്യപ്പെട്ടത്. ലഹരി ഉപയോഗം തുടങ്ങിക്കിട്ടാൻ വളരെ എളുപ്പമാണെന്നും എന്നാൽ അവസാനിപ്പിക്കാൻ ഒരുപാട് നരകിക്കേണ്ടിവരുമെന്നും യുവാവ് പറയുന്നു. താനൂർ ഡിവെെഎസ്പിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ 50 ദിവസത്തെ കർമ്മപരിപാടികൾ നടക്കുകയാണ്. ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കടിമപ്പെട്ടവരെ രക്ഷപ്പെടുത്താൻ പോലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ വിവരം ലഭിച്ചതിനെ തുടർന്നാണ് യുവാവ് താനൂർ പോലീസ് സ്റ്റേഷനിലെത്തിയത്. ലഹരിയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സഹായവും ചെയ്യുമെന്ന് താനൂർ ഡിവെെഎസ്പി അറിയിച്ചു.