ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജിക്കാരിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ചെയ്തതു തെറ്റാണെന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോയെന്നു ചോദിച്ച കോടതി വിവാഹേതര ബന്ധം പുലർത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നൽകി.
അതേസമയം വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നൽകി യുവാവ് തന്റെ കക്ഷിയുമായി ലൈംഗിക ബന്ധം തുടർന്നുവെന്ന് സ്ത്രീയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇതിനു കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിങ്ങൾ. പക്വതയുള്ള വ്യക്തിയുമാണ്. വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധം എങ്ങനെയായിരിക്കുമെന്ന ബോധ്യം നിങ്ങൾക്കുണ്ടായിരുന്നു അല്ലേ? ‘ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കൊടീസ്വാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
അതുപോലെ വിവാഹ വാഗ്ദാനം നൽകി അയാൾ പലതവണ ഹോട്ടലുകളിലേക്കും റെസ്റ്റ് ഹൗസുകളിലേക്കും ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തിയെന്ന അഭിഭാഷകന്റെ വാദത്തിനു കോടതിയുടെ ചോദ്യം ഇങ്ങനെയായിരുന്നു- അയാൾ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങൾ ആവർത്തിച്ച് ഹോട്ടലുകളിലേക്ക് പോയത്. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിലൂടെ നിങ്ങളും കുറ്റം ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുപ്രീംകോടതി യുവതിയുടെ ഹർജി തള്ളി.
കൂടാതെ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ച പട്‌ന ഹൈക്കോടതിയുടെ നടപടി ശരിയാണെന്നെന്നും വ്യക്തമാക്കി. സ്ത്രീ ബലാത്സംഗ പരാതി നൽകിയതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിനായി അങ്കിത് ബൺവാൾ എന്ന യുവാവ് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയിലെത്തിയാണ് മുൻകൂർ ജാമ്യം സ്വന്തമാക്കിയത്.
അതേസമയം 2016-ലാണ് അങ്കിത് സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലാകുന്നത്. പിന്നീടു അങ്കിതിന്റെ സമ്മർദ്ദത്തിന് വഴങ്ങി താൻ ഭർത്താവിൽനിന്ന് വിവാഹ മോചനം നേടിയെന്ന് യുവതി പറയുന്നു. മാർച്ചിൽ കുടുംബ കോടതിയിൽ നിന്ന് വിവാഹ മോചനം നേടുകയും ചെയ്തു.
ഇതിനു പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അങ്കിതിനെ സമീപിച്ചപ്പോൾ അയാൾ വിസമ്മതിച്ചുവെന്നും സ്ത്രീ പറയുന്നു. തുടർന്നാണ് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയത്. വിവാഹ മോചനത്തിന് ശേഷം അങ്കിത് പരാതിക്കാരിയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.