തൃശൂർ: കേരളത്തിൽ എയിംസ് കൊണ്ടുവരുമെന്ന് വീണ്ടും ആവർത്തിച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എവിടെയെങ്കിലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ വോട്ടഭ്യർഥിച്ച് ജനങ്ങൾക്കു മുന്നിലേക്ക് വരില്ലെന്നും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്‍ജി കോഫി ടൈംസ്’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എയിംസ് ആലപ്പുഴയിൽ തന്നെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘എയിംസ് കേരളത്തിൽ തരുമെങ്കിൽ അത് ആലപ്പുഴയിൽ വേണം. ഇത്രയും അടിതെറ്റി കിടക്കുന്ന ഒരു പ്രദേശം വേറെയില്ല. പിന്നെയുള്ളത് ഇടുക്കിയാണ്. ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും വലിയ ദുരിതത്തിൽ ആയിരിക്കുന്നത്, അവർ കരകയറിയിട്ടേയില്ല. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഇടുക്കിയിൽ എയിംസ് കൊണ്ടുവരാനാകില്ല. അതിനാൽ ആലപ്പുഴയിൽ തന്നെയാണ് എയിംസ് വരേണ്ടത്. തൃശൂരുകാരാണ് എന്നെ തിരഞ്ഞെടുത്തതെങ്കിലും ഞാൻ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം പറഞ്ഞിട്ടുണ്ട് ഞാൻ തൃശൂരിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന എംപി ആയിരിക്കില്ല എന്ന്. ഞാൻ കേരളത്തിനു വേണ്ടി പ്രവർത്തിക്കുന്ന തൃശൂർകാരുടെ എംപിയായിരിക്കുമെന്ന് ഞാൻ അന്നു മുതലേ പറയുന്നുണ്ട്.
ഇനി ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് എയിംസ് അനുവദിക്കുന്നില്ല എങ്കിൽ പിന്നെ തൃശൂരിന്റെ തണ്ടെല്ല് ഞാനവിടെ പ്രകടിപ്പിക്കും. പിന്നെ അത് തൃശൂരിനു തന്നെ വേണം. കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത് ഇത് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്തു തന്നെ വരുമെന്നാണ്. അതിന് അടിവരയിട്ട് ഞാൻ പറയുന്നു, 2029ൽ നിങ്ങളുടെ മുന്നിൽ വോട്ടിന് കൈനീട്ടി വരണമെങ്കിൽ കേരളത്തിൽ എവിടെയായാലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ നിങ്ങളുടെ മുന്നിലേക്ക് വരില്ല.’’– സുരേഷ് ഗോപി പറഞ്ഞു.




















































