മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കർജറ്റിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലെ വനിതാ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെൻ്റിനുള്ളിൽ കൂട്ടത്തല്ല്. ബുധനാഴ്ചയാണ് സംഭവം. ട്രെയിനിൽ ആദ്യം കയറാനുള്ള ശ്രമത്തിനിടെ ഒരാൾ തന്റെ കൈമുട്ട് കൊണ്ട് മറ്റൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.
ഒരു സഹയാത്രികൻ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ, കമ്പാർട്ട്‌മെന്റിലുള്ള മറ്റുള്ളവർ ഇടപെട്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും സ്ത്രീകൾ തമ്മിലുള്ള അടിപിടി കാണാം. എന്നാൽ, ഇടപെടാൻ ശ്രമിച്ചവർക്കും മർദനമേറ്റു. സ്ത്രീകൾ പരസ്പരം അടിക്കുകയും മുടിക്ക് പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അടിപിടിക്കിടെ ഒരു സ്ത്രീ മറ്റൊരാളുടെ കയ്യിൽ കടിക്കുകയും ചെയ്തു.
വിഖ്‌റോളിനും ഘാട്‌കോപ്പർ സ്റ്റേഷനുകൾക്കും ഇടയിലാണ് സംഭവം നടന്നത്. വലിയ തിരക്ക് കാരണം കമ്പാർട്ട്‌മെൻ്റിനുള്ളിൽ നേരത്തെ തന്നെ സംഘർഷഭരിതമായ സാഹചര്യമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈകാതെ, സമീപത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളുമായും സംഘര്‍ഷമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. യാത്രക്കാർ ഉടൻതന്നെ റെയിൽവേ പോലീസിനെ വിവരമറിയിച്ചെങ്കിലും, പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സ്ത്രീകൾ ആരോപിക്കുന്നു. ഇരു പക്ഷത്തും പരാതികളില്ലാത്താതിനാലാണ് കേസെടുക്കാത്തതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.