തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയെന്ന ആരോപണവുമായി കുടുംബം. പ്രവീണയെന്ന യുവതിയുടെ ആത്മഹത്യയ്ക്കു പിന്നിൽ അയൽവാസിയായ കണ്ണൻ എന്നുവിളിക്കുന്ന അശ്വിൻ ആണെന്നു യുവതിയുടെ കുടുംബം.
ദിവസങ്ങൾക്ക് മുൻപ് ഇയാൾ സഹോദരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചിരുന്നുവെന്നും ഇതേത്തുടർന്ന് തുടങ്ങിയതാണ് പ്രശ്‌നമെന്നും പ്രവീണയുടെ സഹോദരൻ പ്രവീൺ പറഞ്ഞു. ആദ്യം വാട്‌സാപ്പിലായിരുന്നു സന്ദേശമയച്ചിരുന്നത്. പ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പിൽ നിന്നാണ് നമ്പറെടുത്തത്. പിന്നീട് മെസ്സേജ് ആയക്കുകയായിരുന്നു. ഇതിന് പ്രതികരിക്കാതിരിക്കുകയും വാട്‌സ് ആപ്പിൽ ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ അഖിൽ എന്ന മറ്റൊരു യുവാവുമായി ചേർന്ന് അശ്വിൻ അപവാദ പ്രചാരണം നടത്തുകയായിരുന്നുവെന്നും പ്രവീൺ പറഞ്ഞു.
തന്റെ സഹോദരിയെ പല സ്ഥലത്തുവെച്ചും കണ്ടുവെന്നും മറ്റൊരാളുമായി കാറിൽ പോവുമ്പോൾ താൻ കണ്ടതോടെ കാറിനുള്ളിൽ ഒളിച്ചിരുന്നുവെന്നുമൊക്കെ പ്രചരിപ്പിച്ചു. ഇത് അശ്വിൻ അഖിലിനോട് പറയുകയും അഖിൽ ഭർത്താവിന്റെ സഹോദരിയോടടക്കം പറഞ്ഞ് അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഇക്കാര്യം തങ്ങളോട് പ്രവീണ പറഞ്ഞിരുന്നുവെന്നും പ്രവീൺ പറയുന്നു. ഇത് സംബന്ധിച്ച് പോലീസിലും പരാതി നൽകിയിരുന്നു.
എന്നാൽ, പോലീസ് കൃത്യമായി അന്വേഷിക്കാൻ തയ്യാറായില്ല. പരാതികൊടുത്ത് മൂന്നാമത്തെ ദിവസമാണ് മൊഴിയെടുക്കാൻ പോലും വിളിപ്പിച്ചത്. ഇതോടെ സഹോദരി മാനസികമായി തളർന്നതായും സഹോദരൻ പറയുന്നു. സഹോദരിയുടെ ഭർത്താവിന്റെ ബന്ധുവാണ് അഖിൽ. വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും എത്തുമായിരുന്നു. സ്വന്തം അനിയനെ പോലെയാണ് അവനെ പെങ്ങൾ കണ്ടിരുന്നതെന്നും സഹോദരൻ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് വെഞ്ഞാറമൂട്ടിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
			

































 
                                






 
							






