പ്രയാഗ്‌രാജ്: സഹോദരിയുമായുള്ള പ്രണയത്തിൽ നിന്നു പിന്മാറിയ ഭർതൃസഹോദരനെ ക്രൂരമായി ആക്രമിച്ച് സ്വകാര്യഭാഗങ്ങൾ മുറിച്ച് യുവതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. യുവതിയുടെ സഹോദരിയുമായുള്ള പ്രണയബന്ധത്തിൽ നിന്ന് യുവാവ് പിന്മാറിയതിനുള്ള വൈരാഗ്യത്തിലാണ് ആക്രമണം. ആക്രമണ ശേഷം രക്ഷപ്പെട്ട യുവതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒക്ടോബർ 16നാണ് സംഭവം. പ്രയാഗ്‌രാജിലെ മാൽഖൻപൂർ ഗ്രാമത്തിൽ റാം അസാരെയുടെ മകൻ ഇരുപതുകാരനായ ഉമേഷിന്റെ നിലവിളി കേട്ടാണ് രാത്രി വീട്ടുകാർ അവന്റെ മുറിയിലേയ്ക്ക് എത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന ഉമേഷിനെയാണ് അവർ അവിടെ കണ്ടത്. അയാളുടെ സ്വകാര്യ ഭാഗങ്ങൾ മുറിച്ച നിലയിലായിരുന്നു. ഇയാളെ ഉടൻ തന്നെ കുടുംബം അയാളെ ആശുപത്രിയിലെത്തിച്ചു.
തന്റെ മകനെ അജ്ഞാതനായൊരാൾ ആക്രമിച്ചെന്നു കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണത്തിലാണ് പിന്നിൽ സഹോദരന്റെ ഭാര്യയാണെന്ന വിവരങ്ങൾ പുറത്തുവന്നത്. ഉമേഷിന്റെ സഹോദരൻ ഉദയ്‌യുടെ ഭാര്യ മഞ്ജുവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മഞ്ജുവിന്റെ സഹോദരിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
സംഭവം ഇങ്ങനെ- മഞ്ജുവിന്റെ സഹോദരിയുമായി ഉമേഷ് അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാനും ഇവർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ബന്ധത്തെ ഉമേഷിന്റെ കുടുംബം എതിർത്തു. പിന്നാലെ ഉമേഷ് മഞ്ജുവിന്റെ സഹോദരിയുമായി അകന്നു. മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. എന്നാൽ ഉമേഷ് തന്നിൽ നിന്ന് അകന്നത് മഞ്ജുവിന്റെ സഹോദരിയെ വല്ലാതെ തളർത്തി. സഹോദരിയുടെ അവസ്ഥ കണ്ട മഞ്ജുവിന് ഉമേഷിനോട് ദേഷ്യം കൂടി വന്നു. ഈ ദേഷ്യത്തിലാണ് മഞ്ജു ഉമേഷിനെ ആക്രമിക്കാൻ തീരുമാനിക്കുന്നത്.
ഇതിനായി ഒക്ടോബർ 16ന് വീട്ടിൽ എല്ലാവരും ഉറങ്ങുന്നതുവരെ മഞ്ജു കാത്തിരുന്നു. അർധരാത്രി അടുക്കളയിലെത്തി കത്തി എടുത്തതിനു ശേഷം ഉമേഷിന്റെ മുറിയിലെത്തി. ഉമേഷിനെ കത്തി ഉപയോഗിച്ച് പല തവണ കുത്തിപ്പരുക്കേൽപ്പിച്ചു. പിന്നാലെ അവന്റെ സ്വകാര്യ ഭാഗങ്ങൾ മുറിയ്ക്കുകയും ചെയ്തു. രക്ഷയ്ക്കായി ഉമേഷ് നിലവിളിച്ചപ്പോഴേയ്ക്കും മഞ്ജു അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട മഞ്ജുവിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയയ്ക്ക് ഉമേഷിനെ വിധേയനാക്കി. ഉമേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു.