ഹൈദരാബാദ്: പത്ത് മാസം പ്രായമായ കുഞ്ഞിന് വിഷം കൊടുത്ത ശേഷം യുവതി ജീവനൊടുക്കി. 27 വയസുള്ള സുഷ്മിതയാണ് മകൻ അശ്വന്ത് നന്ദൻ റെഡ്ഡിക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വഴക്കിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഭർത്താവ് യശ്വന്ത് റെഡ്ഡിയും സുഷ്മയും നിരന്തരമായി വഴക്കിടാറുണ്ടെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.
ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലമായി. കുടുംബത്തിലെ പരിപാടിക്ക് സാധനങ്ങൾ വാങ്ങുന്നതിനായി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു സുഷ്മിത. അവിടുന്ന് കുഞ്ഞിനെയും കൊണ്ട് മുറിയിൽ പോയ സുഷ്മിത കുട്ടിക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കതക് തട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സുഷ്മിതയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെയും പേരക്കുട്ടിയെയും അബോധാവസ്ഥയിൽ കണ്ട് തകർന്ന സുഷ്മിതയുടെ അമ്മ ലളിതയും ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമികാന്വേഷണത്തിൽ ഭർത്താവുമായുള്ള വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ട്.
















































