ലഖ്‌നൗ: ഭര്‍ത്താവ് കുരങ്ങെന്ന് വിളിച്ച് കളിയാക്കിയതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തനു സിങ്ങാണ് മരിച്ചത്. ഭര്‍ത്താവ് കളിയാക്കിയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ലഖ്‌നൗ ഇന്ദിരാനഗറിലെ വീട്ടിലാണ് തനു സിങ്ങും ഭര്‍ത്താവ് രാഹുല്‍ ശ്രീവാസ്തവയും താമസിച്ചിരുന്നത്.
സീതാപൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകീട്ടാണ് ഇരുവരും സ്വന്തം വീട്ടിലെത്തിയതെന്ന് തനുവിന്റെ സഹോദരി അഞ്ജലി പറഞ്ഞു. വീട്ടില്‍ ഇവര്‍ സംസാരിച്ചിരിക്കെ രാഹുല്‍ തനുവിനെ ‘കുരങ്ങ്’ എന്ന് വിളിച്ച് കളിയാക്കുകയായിരുന്നു.
ഇതോടെ, ഭര്‍ത്താവിനോട് പിണങ്ങിയ യുവതി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. ഓട്ടോഡ്രൈവറായ രാഹുല്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ തനു മുറിക്കകത്ത് തന്നെയായിരുന്നു. സഹോദരി അഞ്ജലി ജനാലയിലൂടെ നോക്കിയപ്പോള്‍ തനുവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഇതോടെ അഞ്ജലി നിലവിളിച്ചു. രാഹുലും അയല്‍ക്കാരും ഓടിയെത്തി. ഉടന്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

















































