തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി ആദ്യം പരാതി നൽകിയ യുവതി. പിതാവാകാൻ യോഗ്യതയില്ലാതെ വിശ്വസിച്ച് തിരഞ്ഞെടുത്തതിന് തന്നോട് പൊറുക്കണമെന്ന് കുട്ടിയോട് അപേക്ഷിക്കുന്നതാണ് കുറിപ്പിലെ ഉള്ളടക്കം.ഫേസ്ബുക്കിൽ ഇംഗ്ലീഷിലാണ് കുറിപ്പ് പങ്കുവച്ചത്. ഏറെ പ്രിയപ്പെട്ട ദൈവമേ… എല്ലാ വേദനകളും വിവേചനങ്ങളും വഞ്ചനകളും സഹിച്ച് സ്വയം അംഗീകരിക്കാൻ ഞങ്ങൾക്ക് ധൈര്യം തന്ന അങ്ങേയ്ക്ക് നന്ദി. ഇരുട്ടിലെ പ്രവൃത്തിയെന്തെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളിയും നീ കേട്ടു.
ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലമായി പിടിച്ചെടുത്തപ്പോഴും നീ ഞങ്ങളെ ചേർത്തുപിടിച്ചു. തെറ്റായ പുരുഷനെ വിശ്വസിച്ചതിന്, പിതാവാകാൻ യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുത്തതിന് സ്വർഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങൾ ഞങ്ങൾക്ക് പൊറുത്തുതരട്ടെ.
അക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും സംരക്ഷണമൊരുക്കുന്നതിൽ പരാജയപ്പെട്ട ലോകത്തിൽ നിന്നും മുക്തരായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ. ഞങ്ങളുടെ കണ്ണീർ സ്വർഗത്തിലെത്തിയാൽ, അവ നിങ്ങളോട് പറയും; നിങ്ങളെ ഒരിക്കലും അമ്മ മറക്കില്ലെന്ന്. നിങ്ങളുടെ അസ്ഥിത്വത്തിന് വിലയുണ്ടായിരുന്നു, നിങ്ങളുടെ ആത്മാവിനും. വീണ്ടും കാണും വരെ നിങ്ങളെ ഈ അമ്മ ഹൃദയത്തിൽ സൂക്ഷിക്കും. എന്നിങ്ങനെയാണ് പോസ്റ്റില്‍ പറയുന്നത്.


















































