ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ ഇന്ത്യൻ രത്‌നവ്യാപാരി ജാമ്യത്തിനു നീക്കം. മെഹുൽ ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യ നീക്കവുമായി അദ്ദേഹത്തിന്റെ
അഭിഭാഷകൻ വിജയ് അഗർവാളാണ് രംഗത്തെത്തിയത്. ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചോക്‌സി കാൻസർ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ വിമാനയാത്ര സാധ്യമല്ലെന്നും ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുമെന്ന് വിജയ് അഗർവാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം മാത്രമേ കേസ് പരിഗണിക്കാൻ കഴിയൂ എന്നും അപ്പോൾ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ശനിയാഴ്ചയാണ് 65-കാരനായ മെഹുൽ ചോക്‌സിയെ സിബിഐയുടെ അപേക്ഷയിൽ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ താമസിച്ചു വരികയായിരുന്നു.