ന്യൂഡൽഹി: കൺമുന്നിൽ തന്റെ പ്രാണൻ പിടഞ്ഞുവീണ് മരിക്കുന്നതു കണ്ട് തന്റെ ഭർത്താവിനെ വെടിവെച്ചിട്ടവരോട് അലറിക്കരഞ്ഞുകൊണ്ട് ഐഷാന്യ ദ്വിവേദി ഒന്നേ ആവശ്യപ്പെട്ടുള്ളു ‘എന്നെയും കൊല്ലൂ’… എന്ന്. എന്നാൽ ആ ഭീകരരുടെ മറുപടി ഇങ്ങനെയായിരുന്നു- നിന്നെ വധിക്കില്ല, നിങ്ങളോട് ഞങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പോയി പറയണം. അങ്ങനെ ശുഭം ദ്വിവേദിയുടെ ഭാര്യ ഉൾപ്പെടെയുള്ള നിരവധി ഭാര്യമാരുടെ നെറുകയിലെ സിന്ദൂരം മായിച്ച ഭീകരർക്ക് ചുട്ട മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ.
കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 22ന് കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാര കേന്ദ്രത്തിൽ ഉല്ലസിക്കാനെത്തിയ കുടുംബങ്ങളുടെ കണ്ണീർവീഴ്‌ത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയാണ് – ഓപ്പറേഷൻ സിന്ദൂർ. ഭാര്യമാർക്കൊപ്പം അവധി ആഘോഷിച്ചെത്തിയ പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർകയത്തിലേക്ക് തള്ളിവിട്ട ഭാര്യമാർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്.
ഫെബ്രുവരി 12നാണ് ശുഭവും ഐഷാന്യയും വിവാഹിതരായത്, കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ശുഭം. ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യാ സഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. ഭാര്യയ്ക്കും മറ്റു രണ്ടു കുടുംബാംഗങ്ങൾക്കുമൊപ്പം രാത്രി ചെലവഴിക്കുന്നതും ജമ്മുവിലെ ഒരു ഹോട്ടലിൽ ഒരുമിച്ചിരുന്നു ‘യൂനോ’ കളിക്കുന്നതും ‘തമാശ നിറഞ്ഞ രാത്രികൾ’ എന്ന കുറിപ്പോടെ ശുഭത്തിൻറെ ഭാര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഭീകരരുടെ വെടിയേറ്റ് ശുഭം കൊല്ലപ്പെടുകയായിരുന്നു.
അതേപേലെ കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാൾ മധുവിധു ആഘോഷിക്കാനാണ് ഭാര്യ ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയത്. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹത്തിന്റെ ആറാം നാൾ ഹിമാൻഷിയുടെ കൺമുന്നിൽ വിനയ് ഭീകരരുടെ തോക്കിനിരയാകുകയായിരുന്നു.
എറണാകുളം ഇടപ്പള്ളി സ്വദേശി ഷീലയ്‌ക്കു ഭർത്താവ് എൻ. രാമചന്ദ്രനെ നഷ്ടമായതും ഭീകരരുടെ ക്രൂരതയിലാണ്. പത്തു ദിവസത്തെ യാത്രയ്ക്ക് കശ്മീരിലേക്കു പുറപ്പെട്ട കുടുംബം മൂന്നാം ദിവസം തിരികെ വീട്ടിലേക്കെത്തിയത് രാമചന്ദ്രന്റെ ജീവനറ്റ ശരീരവുമായാണ്. തന്റെ അമ്മയുടെ നെറുകയിലെ സിന്ദൂരം മായിച്ചവർക്ക് കൊടുത്ത മറുപടിയിൽ സന്തോഷമുണ്ടെന്നായിരുന്നു മകൾ ആരതിയുടെ പ്രതികരണം.