മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുരില്‍ നടന്ന സംഘര്‍ഷത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫഹീം ഷമീം ഖാനാണ് അറസ്റ്റിലായത്. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും പ്രതികരണത്തിനു പിന്നാലെയാണ് അറസ്റ്റ്.
അക്രമത്തിന് മുന്‍പ് ഫഹീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നു പൊലീസ് പറഞ്ഞു. അക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.
#WATCH | Nagpur, Maharashtra | Eight workers of VHP and Bajrang Dal surrendered before Kotwali police. Police arrested them and produced them before the court.
Maharashtra police in Nagpur has registered FIRs against office-bearers of the Vishwa Hindu Parishad (VHP) and Bajrang… pic.twitter.com/1ifgl5T3io
— ANI (@ANI) March 19, 2025
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുസ്ലിം സ്ത്രീകളുടെ വസ്ത്രവും ഖുറാനും കത്തിച്ചെന്നു വ്യാപക പ്രചാരണമുണ്ടായെന്നും പോലീസ് പറഞ്ഞു. നിരവധി വാര്‍ത്തകളുടെ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫഹീമിന്റെ നേതൃത്വത്തില്‍ വന്‍ ജനക്കൂട്ടം സംഘടിച്ചെന്നും മഴു, കല്ലുകള്‍, വടികള്‍ എന്നിവയുമായി ആക്രമണത്തിനിറങ്ങിയെന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട് ഫഹീം. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിക്കെതിരേ മത്സരിച്ച ഇയാള്‍ക്കു വെറും 1073 വോട്ടുകളാണു ലഭിച്ചത്. 6.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗഡ്കരി ജയിച്ചത്. പത്താം ക്ലാസ് വിദ്യാഭ്യാസമുണ്ടെന്നും 75,000 രൂപയുടെ ആസ്തിയുണ്ടെന്നും ബിസിനസാണു ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പിലെ അഫിഡാവിറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരേയുണ്ട്. അഞ്ഞൂറോളം പേരുടെ സംഘത്തെ അക്രമത്തിലേക്കു നയിച്ചതും ഇയാളാണെന്നു പറയുന്നു.
സംഘര്‍ഷത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറയുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള പോലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോമിലും ശരീരത്തിലും മോശമായി സ്പര്‍ശിച്ച സംഭവമടക്കം ഉണ്ടായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ഇവരുടെ വസ്ത്രം വലിച്ചൂരാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചെന്നും ടൈംസ് നൗവും റിപ്പോര്‍ട്ട് ചെയ്തു.
ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അക്രമം വ്യാപിച്ചതെന്നാണ് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. 50 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഔറംഗസീബിന്റെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് ചില ഹിന്ദുസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ ഒരു സമുദായത്തിന്റെ വിശുദ്ധഗ്രന്ഥം കത്തിച്ചെന്ന അഭ്യൂഹങ്ങളാണ് അക്രമത്തിലേക്കെത്തിയത്. മധ്യനാഗ്പുരിലെ മഹല്‍ പ്രദേശത്തെ ചിറ്റ്‌നിസ് പാര്‍ക്കിലാണ് അക്രമം തുടങ്ങിയത്. ചിലര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. പഴയ ഭണ്ഡാര റോഡിനടുത്തുള്ള ഹന്‍സപുരി പ്രദേശത്ത് രാത്രി വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. പ്രദേശത്തെ വീടുകളും ക്ലിനിക്കും നശിപ്പിച്ചു.
അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആരോപിച്ചിരുന്നു. സംഭാജി മഹാരാജിനെതിരേ ഔറംഗസീബ് നടത്തിയ അതിക്രമങ്ങള്‍ ചിത്രീകരിക്കുന്ന ‘ഛാവ’ എന്ന സിനിമ മഹാരാഷ്ട്രയില്‍ ഔറംഗസീബിനെതിരായ വികാരമുണ്ടാക്കിയതായും ഫഡ്നവിസ് പറഞ്ഞിരുന്നു.