തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനോട് അതൃപ്തി രേഖപ്പെടുത്തി കോടതി. റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ അറിയിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാരിനു നല്‍കിയത് എന്തിനെന്ന് വിജിലന്‍സ് ജഡ്ജി എം.വി.രാജകുമാര ചോദിച്ചു.
കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മേയ് 12ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. അജിത് കുമാറിനും പി.ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയാണ് പ്രത്യേക വിജിലന്‍സ് കോടതി പരിഗണിക്കുന്നത്. അജിത് കുമാറിനെതിരെ ഹര്‍ജിക്കാരന്‍ ഉന്നയിച്ചതടക്കമുളള വിവിധ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷിക്കുകയാണെന്നു വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 2 മാസം സമയം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ഇന്ന് കേസ് പരിഗണിച്ചത്.
പി.വി. അന്‍വറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നത് പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആരോപണങ്ങളെ കുറിച്ച് കേട്ടറിവേ ഉളളൂ എന്ന ഹര്‍ജിക്കാരന്റെ മറുപടി കോടതിക്ക് തൃപ്തികരമായില്ല. എം.ആര്‍.അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
Vigilance Probe Against M.R. Ajith Kumar: Vigilance Court Slams Delay in ADGP Ajith Kumar Vigilance Inquiry